മുത്തശ്ശിയുടെ കൈപിടിച്ചു നടക്കുന്നതിനിടെ ആണ്‍കുട്ടിയെ കടിച്ചെടുത്തോടി കടുവ

01:27 PM Apr 18, 2025 | Kavya Ramachandran

മുത്തശ്ശിയുടെ കൈപിടിച്ചു നടക്കുന്നതിനിടെ ഏഴ് വയസ്സുള്ള ആണ്‍കുട്ടിയെ കടിച്ചെടുത്ത്  കടുവ. മുത്തശ്ശിക്കും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മാവനും ഞെട്ടലോടെ നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാനിലെ രന്തംഭോര്‍ ദേശീയോദ്യാനത്തിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരുന്നു സംഭവം. കാര്‍ത്തിക് സുമന്‍ എന്ന കുട്ടിയാണ് ദാരുണസംഭവത്തിന് ഇരയായത്.

കടുവ കാട്ടില്‍ നിന്ന് ചാടി കുട്ടിയുടെ കഴുത്തില്‍ കടിച്ചു പിടിച്ചു വലിക്കുകയും ഓടി മറയുകയുമായിരുന്നു. ബുണ്ടി ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് ഇവർ ക്ഷേത്ര സന്ദർശനത്തിന് എത്തിയത്. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം അവര്‍ റോഡരികില്‍ വെച്ച് ഫോട്ടോകള്‍ എടുത്തിരുന്നു. ദാരുണമായ മരണത്തിന് തൊട്ടുമുമ്പ് എടുത്ത ഫോട്ടോകളില്‍, ജീന്‍സും നീല ടീ-ഷര്‍ട്ടും ധരിച്ച സുമന്‍ പുഞ്ചിരിക്കുന്നതും പാറക്കെട്ടുകള്‍ക്ക് നേരെ പോസ് ചെയ്യുന്നത് കാണാം. ഒരു ഫോട്ടോയില്‍ ഒരു കുരങ്ങിന്റെ അരികെ കുട്ടി ചിരിച്ചിരിക്കുന്നതും കാണാം.

വനം വകുപ്പ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം, മൃതദേഹം സുമന്റെ കുടുംബത്തിന് കൈമാറി. ആക്രമിച്ച കടുവയെ വനംവകുപ്പിന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.