തിരുനെൽവേലി ദുരഭിമാനക്കൊല ; കൊലപാതകത്തിൽ തന്റെ അച്ഛനമ്മമാർക്ക് പങ്കില്ലെന്ന് പെൺസുഹൃത്ത്

11:15 AM Aug 01, 2025 | Neha Nair

ചെന്നൈ: തിരുനെൽവേലി ദുരഭിമാനക്കൊലയിൽ തന്റെ അച്ഛനമ്മമാർക്ക് പങ്കില്ലെന്ന് കവിന്റെ പെൺസുഹൃത്ത് സുഭാഷിണി. ഒരു വീഡിയോ സന്ദേശത്തിലാണ് അച്ഛനമ്മമാർക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരെയും വെറുതെ വിടണമെന്നും പെൺസുഹൃത്ത് പറഞ്ഞത്.

തനിക്കും കവിനും ഇടയിൽ സംഭവിച്ചത് തങ്ങൾക്ക് മാത്രമേ അറിയൂ. പലരും പലതും പറയുന്നുണ്ട്. തന്റെ സാഹചര്യം കൂടി മനസ്സിലാക്കണമെന്നും പെൺസുഹൃത്ത് വീഡിയോയിൽ പറഞ്ഞു. കവിനും തനിക്കും ഇടയിൽ ഉണ്ടായിരുന്നത് യഥാർത്ഥ പ്രണയമാണ്. കുറച്ചുനാൾ കൂടി കാത്തിരിക്കാനായിരുന്നു കവിൻ പറഞ്ഞിരുന്നത്.

അടുത്തിടെയാണ് അച്ഛൻ ഞങ്ങളുടെ കാര്യം ചോദിച്ചത്. അപ്പോൾ തങ്ങൾക്കിടയിൽ ഒന്നുമില്ലെന്നാണ് മറുപടി നൽകിയത്. അത് കവിന്റെ നിർദേശ പ്രകാരമായിരുന്നെന്നും പെൺകുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
തിരുനെൽവേലിയിൽ ഐടി പ്രൊഫഷണലും ദളിത്‌ വിഭാഗക്കാരനുമായ കവിൻകുമാറിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾ പെൺസുഹൃത്തിന്റെ അച്ഛനും അമ്മയുമാണ്.