കോണ്‍ഗ്രസ് വിട്ടാല്‍ ഡോ. ശശി തരൂര്‍ അനാഥനാകില്ലെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. ശശി തരൂരിനെ പോലെയൊരാള്‍ കോണ്‍ഗ്രസില്‍ ഇത്രകാലം തുടര്‍ന്നത് എങ്ങനെയെന്നത് അത്ഭുതമാണെന്നും തോമസ് ഐസക് പ്രതികരിച്ചു. ശശി തരൂര്‍ വേറെ വഴികള്‍ നോക്കുന്നതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസില്‍ നിന്ന് പലരെയും സിപിഐഎം സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.
ശശി തരൂരിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന നേതാവാണ് തരൂര്‍ എന്നും അദ്ദേഹത്തെ വിലകുറച്ച് കാണേണ്ട കാര്യമില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്നാണ് ദി ഇന്ത്യന്‍ എക്‌സ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ എംപി പറഞ്ഞത്. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂര്‍ പറഞ്ഞു.