ഭാര്യയെ കൊന്ന് തലയുമായി കീഴടങ്ങാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ; 60 കാരന്‍ അറസ്റ്റില്‍

09:00 AM Apr 21, 2025 | Suchithra Sivadas

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ തലവെട്ടിയെടുത്ത് ഭര്‍ത്താവ്. അസമിലെ ചിരാങ് ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് കേസിലെ പ്രതി. ഭാര്യയുടെ തലവെട്ടിയെടുത്ത ശേഷം സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ട് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യ ബജന്തിയുടെ തലയറുക്കുകയായിരുന്നു. ചിരാങ് ജില്ലയിലെ ഉത്തര്‍ ബല്ലാംഗുരിയില്‍ നിന്നുള്ള ദിവസവേതനക്കാരനാണ് പ്രതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബപ്രശ്‌നങ്ങള്‍ മൂലമാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ബിതിഷ് ഹജോങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് സംഭവം നടന്നതെന്ന് അയല്‍വാസി പറഞ്ഞു.

ബിതിഷിനും ബജന്തിയ്ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. ഇവരുടെ മുന്നില്‍വച്ചാണ് കൊലപാതകം നടത്തിയത്. ബജന്തിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.