ഇന്ന് കരസേനാ ദിനം, ആഘോഷം പുനെയില്‍ ; രാജ്‌നാഥ് സിങ് മുഖ്യാതിഥി

07:16 AM Jan 15, 2025 | Suchithra Sivadas

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. പുനെയിലാണ് ഇത്തവണ ആഘോഷം. 1949 മുതല്‍ കരസേനാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയ ശേഷം ദില്ലിക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. 

കരസേനയുടെ ആറു വിഭാഗങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായ പരേഡില്‍ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടും. നേപ്പാള്‍ സൈന്യത്തിന്റെ ബാന്‍ഡും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി.

കരസേന ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആയുധ പ്രദര്‍ശനം സംഘടിപ്പിച്ചു. നിങ്ങളുടെ സൈന്യത്തെ അറിയുക പദ്ധതിയുടെ ഭാഗമായിട്ട് പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രദര്‍ശനം. യുദ്ധ സാമഗ്രികളുടെ പ്രദര്‍ശനത്തിന് പുറമേ ഇന്ത്യന്‍ ആര്‍മിയുടെ പൈപ്പ് ബാന്‍ഡിന്റെ പ്രകടനവും പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് പൗരന്മാരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.