എന്തിനും ഏതിനും ഇപ്പോൾ ഗൂഗിളിൽ തിരയുന്നവരാണ് നമ്മൾ..2024 അവസാനിക്കാനിരിക്കെ ഈ വർഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളിൽ തിരഞ്ഞ വാക്കുകള്‍ ഇവയാണ്..
ഇന്ത്യക്കാരുടെ ക്രിക്കറ്റ് അഭിനിവേശം വ്യക്തമാക്കുന്ന ഒന്നാണ് ഇത്തവണ ഓവറോള്‍ സെര്‍ച്ചില്‍ ഒന്നാമതുള്ളത്. എന്തെന്നല്ലേ.. ഐ.പി.എല്ലാണ് ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞതെന്നാണ് ഗൂഗിള്‍ പറയുന്നത്. ഐ.പി.എല്ലിന് തൊട്ടുപിന്നാലെ 'ട്വന്റി20 വേള്‍ഡ് കപ്പ്', 'ഭാരതീയ ജനതാ പാര്‍ട്ടി', '2024 ഇലക്ഷന്‍ റിസള്‍ട്ട്‌സ്', '2024 ഒളിമ്പിക്‌സ്' എന്നിവയെക്കുറിച്ചെല്ലാമാണ് ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ തിരഞ്ഞത്.
സിനിമകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് രാജ്കുമാര്‍ റാവുവും ശ്രദ്ധാകപൂറും അഭിനയിച്ച 'സ്ത്രീ 2' എന്ന സിനിമയെക്കുറിച്ചാണ്. 'കല്‍ക്കി 2898 എ.ഡി', '12th ഫെയില്‍', 'ലാപതാ ലേഡീസ്' എന്നിവയാണ് സിനിമകളിലെ പട്ടികയില്‍ തൊട്ടുപിറകിലുള്ളത്.
ഗൂഗിളിന്റെ 'ഹം ടു സെര്‍ച്ച്' ഫീച്ചര്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ പാട്ട് 'നാദാനിയാന്‍' ആണ്. ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശത്തിലെ 'ഇല്ലൂമിനാറ്റി'യാണ് പാട്ടുകളുടെ പട്ടികയില്‍ മൂന്നാമതുള്ളത്.
ഈ വർഷം ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞ വ്യക്തി ഗുസ്തി താരം വിനേഷ് ഫോഗട്ട് ആണ്. രാഷ്ട്രീയനേതാക്കളായ നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ക്രിക്കറ്റ് താരം ഹര്‍ദിക്ക് പാണ്ഡ്യ, പവന്‍ കല്യാണ്‍ എന്നിവരാണ് ഈ പട്ടികയില്‍ വിനേഷ് ഫോഗട്ടിന് പിന്നിലുള്ളവര്‍.
'Meaning' സെര്‍ച്ചില്‍ 'All Eys on Rafah' എന്നതിന്റെ അര്‍ഥമാണ് ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞത്. 'അകായ്', 'സെര്‍വിക്കല്‍ കാന്‍സര്‍' എന്നീ വാക്കുകളാണ് ഇതില്‍ തൊട്ടുപിന്നിലുള്ളത്.
'Near me' സെര്‍ച്ചില്‍ വായു ഗുണനിലവാര സൂചികയെക്കുറിച്ചായിരുന്നു ഏറ്റവും കൂടുതല്‍ തിരച്ചിലുണ്ടായത്. 'AQI Near me' എന്നതായിരുന്നു ഈ വിഭാഗത്തിലെ ഒന്നാമതെത്തിയ സെര്‍ച്ച് ടേം. തൊട്ടുപിന്നില്‍ മലയാളികളുടെ ഓണസദ്യയുമുണ്ട്. തൊട്ടടുത്ത് ലഭിക്കുന്ന ഓണസദ്യയെക്കുറിച്ചാണ് പലരും ഗൂഗിളില്‍ തിരഞ്ഞത്.
അതേസമയം ഈവര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ 'റെസിപി' ഒരു കോക്ടെയിലിന്റേതാണ്. 'പോണ്‍ സ്റ്റാര്‍ മാര്‍ട്ടിനി' എന്ന കോക്ടെയിലിന്റെ റെസിപിയാണ് ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍പേര്‍ 2024-ല്‍ തിരഞ്ഞത്. മാങ്ങ അച്ചാറാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളതെന്നതാണ് മറ്റൊരു രസകരമായ കാര്യം.