ഫോട്ടെയെടുക്കാൻ ഇറങ്ങി, വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം, ഗുരുതര പരിക്ക്

02:58 PM Aug 11, 2025 | Renjini kannur

ബന്ദിപ്പുർ : കർണാടകയിലെ ബന്ദിപ്പുർ കടുവാ സങ്കേതത്തില്‍ കാട്ടാനയ്ക്ക് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിച്ചയാളെ ആക്രമിച്ചു.സംഭവത്തില്‍ മലയാളിയായ യുവാവിനാണ് പരിക്കേറ്റത്. ഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്താണ് സംഭവം.

പരിക്കേറ്റ ആളേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാളടക്കം നിരവധി പേർ റോഡില്‍ ഇറങ്ങിയത്. നിരവധി വാഹനങ്ങളും ഇവിടെ നിർത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

വാഹനം നിർത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാൻ പോയതായിരുന്നു യുവാവ്.കാട്ടാനയുടെ ചവിട്ടേറ്റ് ഇയാളുടെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആദ്യം ഗുണ്ടല്‍പേട്ടിലുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മൈസൂരിലെ ആശുപത്രിയിലേക്കും ഇയാളെ മാറ്റിയിട്ടുണ്ട്.