പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ തള്ളിയിട്ട് രണ്ടേമുക്കാൽ പവന്റെ മാല കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. കൊളത്തൂർ വെങ്ങാട് വെളുത്തേടത്ത് പറമ്പിൽ വിജീഷിനെ (36) ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് വൈകീട്ടായിരുന്നു സംഭവം. അങ്ങാടിപ്പുറത്ത് ഹോട്ടലിലെ ശുചീകരണ ജീവനക്കാരിയായ മധ്യവയസ്കയുടെ മാലയാണ് കവർന്നത്. ഇവർ ജോലി കഴിഞ്ഞ് റെയിൽവേ ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിറകെയെത്തി പിടിച്ച് വശത്തേക്ക് തള്ളിയിട്ടാണ് മാല പൊട്ടിച്ചത്. പിറകെ ഓടി ജോലിചെയ്യുന്ന സ്ഥാപനത്തിൽ പോയി പറഞ്ഞ് ആളെ കൂട്ടി തിരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രതിയെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചും ബസ്, ഓട്ടോ ജീവനക്കാരോടും മറ്റും അന്വേഷണം നടത്തി.
തുടർന്ന് പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീ ജോലി കഴിഞ്ഞ് വൈകീട്ട് നാലുമണിയോടെ റെയിൽവേ ട്രാക്കിലൂടെ വീട്ടിലേക്ക് പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ട്. ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചതായും കൂടുതൽ ചോദ്യം ചെയ്യാനും കവർച്ച മുതൽ കണ്ടെത്താനും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.