കോഴിക്കോട്: താമരശ്ശേരിയിൽ മർദ്ദനമേറ്റ് മരിച്ച ഷഹബാസിന്റെ ഫോണിലേക്ക് വിദ്യാർഥി അയച്ച സന്ദേശം പുറത്ത്. ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥി, തന്നെ ഈ പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത് . ഷഹബാസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ലെന്നും ചൊറ ഒഴിവാക്കിത്തരണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് ഷഹബാസിന്റെ വാട്സാപ്പിലേക്ക് അയച്ചിരിക്കുന്നത്.
സംഭവത്തിന് ശേഷം ഗുരുതരപരിക്കേറ്റ് ഷഹബാസ് ആശുപത്രിയിലായെന്ന് തിരിച്ചറിഞ്ഞ ശേഷം ഇതിൽ നിന്നൊഴിവാക്കിത്തരാൻ വേണ്ടി അഭ്യർത്ഥിച്ചുകൊണ്ടുള്ള രീതിയിലാണ് സന്ദേശം'ചൊറക്ക് നിക്കല്ലാ, നിക്കല്ലാന്ന് കൊറേ പറഞ്ഞതല്ലേ മോനേ.. പിന്നെയും പിന്നെയും... മോളിൽ അയച്ച മെസേജ് നോക്ക്... ഞാൻ നിന്നോട് നല്ലോണം അല്ലേ പറഞ്ഞത്. ചൊറ ഒഴിവാക്കി ഒഴിവാക്കി പോകുമ്പോൾ പിന്നെയും പിന്നെയും നീ വന്നതാ. അന്നത്തെ പ്രശ്നം ഞങ്ങളാരും മനസ്സിൽ പോലും വിചാരിച്ചില്ല... എന്തേലും ഉണ്ടേൽ പൊരുത്തപ്പെട്ട് കൊണ്ടാട്ടോ...'- കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വാട്സാപ്പ് സന്ദേശത്തിൽ വിദ്യാർത്ഥി പറയുന്നു. താൻ ആരെ തല്ലിയാലും പിന്നെ പൊരേൽ വന്നിട്ട് ഒരു സമാധാനം ഉണ്ടാകില്ലെന്നും ഈ വിദ്യാർത്ഥി സന്ദേശത്തിൽ പറയുന്നുണ്ട്.
സംഘർഷത്തിന് പിന്നാലെ ഷഹബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതിന് ശേഷം അയച്ച സന്ദേശമാണ് ഇതെന്നാണ് വിവരം. കുറ്റസമ്മതമെന്ന രീതിയിലാണ് സന്ദേശത്തിലുള്ളത്. എന്തുകൊണ്ട് താൻ ആക്രമിച്ചു എന്നതിനെ ന്യായീകരിച്ചു കൊണ്ടാണ് വിദ്യാർത്ഥി സന്ദേശം അയച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയോ വാട്സാപ്പ് വഴിയോ ഉണ്ടായ സംഭാഷണമാണ് വലിയ പ്രകോപനമായി വിദ്യാർത്ഥി പറയുന്നത്. മുന്നറിയിപ്പ് നൽകിയിരുന്നെന്നും അത് നീ അനുസരിച്ചില്ലെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനിൽവെച്ച് ട്രിസ് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന വിവിധ സ്കൂളുകളിൽനിന്നുള്ള പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം. എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാർഥികൾ നൃത്തംചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്നത്തെത്തുടർന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് രണ്ടു സ്കൂളിലെയും ട്യൂഷൻ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ പുറത്തുനിന്നുള്ള വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. ഇൗ സംഘർഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്.