റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന ഇന്ത്യന്‍ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റിലയന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി.
ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് വീണ്ടും ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താനാണ് അവസാനിപ്പിച്ചതെന്ന മുന്‍ അവകാശവാദവും അദ്ദേഹം ഈ വേളയില്‍ ആവര്‍ത്തിച്ചു. ട്രംപിന്റെ ഈ പ്രസ്താവന ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ട്രംപിന്റെ പ്രസ്താവന കണക്കിലെടുത്ത് വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യമാണ് ഇന്ത്യന്‍ കമ്പനികളുടെ ആശങ്കയ്ക്ക് കാരണം. ഈ ഉപരോധം നിലനില്‍ക്കെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍, റിലയന്‍സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും അമേരിക്കന്‍ ഉപരോധം നേരിടേണ്ടി വരുമെന്നാണ് നിലവിലെ അവസ്ഥ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണ കമ്പനികളുടെ അസോസിയേഷന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.