+

മന്ദഗതിയിലായ ജനസംഖ്യ നിരക്ക് ;നേരിടാൻ തന്ത്രങ്ങളുമായി ട്രംപ് ,പ്രസവിച്ചാൽ നാല് ലക്ഷം സമ്മാനം, ആകര്‍ഷകമായ സ്‌കീമുകളും

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകുമ്പോഴും  അമേരിക്കയില്‍ സ്ഥിതി നേരെ തിരിച്ചാണ് . ജനസംഖ്യയിൽ നേരിയ വർധനവുണ്ടെങ്കിലും വളര്‍ച്ചാനിരക്ക് മന്ദഗതിയിലാവുന്നത് രാജ്യത്ത് ആശങ്കയുണര്‍ത്തുകയാണ്.

 ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകുമ്പോഴും  അമേരിക്കയില്‍ സ്ഥിതി നേരെ തിരിച്ചാണ് . ജനസംഖ്യയിൽ നേരിയ വർധനവുണ്ടെങ്കിലും വളര്‍ച്ചാനിരക്ക് മന്ദഗതിയിലാവുന്നത് രാജ്യത്ത് ആശങ്കയുണര്‍ത്തുകയാണ്. ഇതിനെ നേരിടാനായി പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. ജനസംഖ്യാ വര്‍ധനവിന് മുന്‍തൂക്കം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. ,


അമേരിക്കയില്‍ ജനനനിരക്ക് വളരെ കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ല്‍ അമേരിക്കയില്‍ 3.6 ദശലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ ജനിച്ചു, ഇത് 2023-ലെ റെക്കോര്‍ഡ് കുറഞ്ഞ നിരക്കില്‍ നിന്നുള്ള നേരിയ വര്‍ധനവായിരുന്നു. ഫെര്‍ട്ടിലിറ്റി നിരക്ക് (ഒരു സ്ത്രീക്ക് അവളുടെ ജീവിതകാലത്ത് ഏകദേശം 1.6 ജനനങ്ങള്‍) എന്നത്, ജനനങ്ങളിലൂടെ മാത്രം രാജ്യത്തെ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1 ജനനങ്ങളേക്കാള്‍ വളരെ താഴെയാണ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കണക്കുകള്‍ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനനങ്ങള്‍ 2024-ല്‍ വെറും ഒരു ശതമാനമാണ് വര്‍ധിച്ചത്. 

ഇത് റെക്കോര്‍ഡ് താഴ്ന്ന നിരക്കായിരുന്നു. ആരോഗ്യകരമായ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കാത്തത് ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് ജനസംഖ്യാ ശാസ്ത്രജ്ഞരെ ആശങ്കയിലാക്കുകയും ട്രംപ് ഭരണകൂടത്തിന്റെ സാംസ്‌കാരിക ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാക്കി മാറ്റുകയും ചെയ്തു. അല്ലാത്തപക്ഷം വരും ദശകങ്ങളില്‍ യുഎസ് സമ്പദ്​വ്യവസ്ഥയെ ബാധിച്ചേക്കാവുന്ന ഒരു പ്രശ്‌നമായി ജനസംഖ്യയിലെ മുരടിപ്പ് മാറും. പ്രായമേറിയവരുടെ എണ്ണം കൂടുന്നതിനൊപ്പം യുവതലമുറയുടെ എണ്ണം കുറയുന്നത് വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.

ഒന്നിലധികം കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ ദമ്പതിമാരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്. അതിനായി ആകര്‍ഷകമായ സ്‌കീമുകളും പ്രഖ്യാപിച്ചുകഴിഞ്ഞു.5000 ഡോളറിന്റെ ബേബി ബോണസ്, ഐവിഎഫ് സബ്‌സിഡികള്‍, പുതിയ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റുകള്‍, വിവാഹിതരായ അപേക്ഷകര്‍ക്കായി സംവരണം ചെയ്ത ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. 

വിവാഹം ചെയ്യാനും ഒന്നിലധികം കുട്ടികളെ പ്രസവിക്കാനും ഭരണകൂടം ആഹ്വാനം ചെയ്യുന്നു. വലിയ കുടുംബങ്ങളെ ഉണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം കുടുംബജീവിതത്തിന് മുന്‍ഗണന നല്‍കുന്ന സാമൂഹികപദ്ധതി കൂടിയാണ് പുതിയ നയത്തിലൂടെ ട്രംപ് വിഭാവനം ചെയ്യുന്നത്. 

കുട്ടികളുണ്ടായാല്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ബോണസ്, കൂടുതല്‍ കുട്ടികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഐവിഎഫ് ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ട്രംപ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിലൊന്ന് പ്രസവാനന്തരം ഓരോ അമ്മമാര്‍ക്കും ഒറ്റത്തവണ 5000 ഡോളര്‍ വീതം ബേബി ബോണസ് ആയി നല്‍കുകയെന്നതാണ്.

 ദമ്പതികള്‍ക്ക് രക്ഷാകര്‍തൃത്വത്തിനൊപ്പം പെട്ടന്നുണ്ടാവുന്ന സാമ്പത്തിക സമ്മര്‍ദം കുറയ്ക്കാനും കുട്ടികളെ വളര്‍ത്തുന്നതിന് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് പൗരന്മാരെ അറിയിക്കുന്നതിനും വേണ്ടിയാണ് രക്ഷിതാക്കള്‍ക്ക് നേരിട്ട് നല്‍കുന്ന ബേബി ബോണസിലൂടെ ലക്ഷ്യമിടുന്നത്.

അമേരിക്ക അവരുടെ പൗരന്മാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി രൂപം നല്‍കിയ പദ്ധതിയാണ് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ പിന്തുണയോടെ അപേക്ഷകര്‍ക്ക് ഉദ്ദേശിക്കുന്ന പഠനവും ഗവേഷണവും പരിശീലനവും പൂര്‍ത്തിയാക്കാം. ബിരുദയോഗ്യതയുള്ള ആര്‍ക്കും ഇതിനായി അപേക്ഷിക്കാമെന്നായിരുന്നു നേരത്തേയുള്ള മാനദണ്ഡമെങ്കില്‍ കുഞ്ഞുങ്ങളുള്ള ദമ്പതികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതാണ് മറ്റൊരു പരിഷ്‌കാരം. 


വിവാഹിതരോ കുട്ടികളുള്ളവരോ ആയ ദമ്പതികള്‍ക്ക് 30 ശതമാനം വരെ സംവരണം നല്‍കാനാണ് നീക്കം. ഇത് യോഗ്യതയ്ക്കും അക്കാദമിക് മികവിനും പ്രാധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പ് രീതികളില്‍ നിന്ന് മാറി കുടുംബസംവിധാനത്തിന് മുന്‍ഗണന നല്‍കുന്നതിലേക്കാണ് വ്യതിചലിക്കുക. ആറോ അതിലധികമോ കുട്ടികളെ വളര്‍ത്തുന്ന സ്ത്രീകള്‍ക്ക് ദേശീയ മാതൃത്വ മെഡല്‍ നല്‍കാനുള്ള നിര്‍ദ്ദേശവും ഭരണകൂടം പരിഗണിക്കുന്നുണ്ട്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെ ആദരിക്കുന്നതിനും ദേശീയതലത്തില്‍ രക്ഷാകര്‍തൃത്വത്തെ പരസ്യമായി ആഘോഷിക്കുന്നതിനുമായാണ് ഇത്തരം പുരസ്‌കാരമെന്ന് ഇത് വിലയിരുത്തപ്പെടുന്നു.

വന്ധ്യതാചികിത്സയ്ക്കുള്ള സര്‍ക്കാര്‍ സഹായവും പ്രധാന പരിഗണനാ വിഷയമാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഐവിഎഫ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനൊപ്പം ചികിത്സ എല്ലാവര്‍ക്കും പ്രാപ്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നാണ് സൂചനകള്‍. ഐവിഎഫ് സേവനങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ മുന്നോട്ട് വെക്കുന്ന ഒരു റിപ്പോര്‍ട്ട് മെയ് പകുതിയോടെ സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വന്ധ്യതാചികിത്സയ്ക്കുള്ള സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക ലക്ഷ്യമാണെന്ന് കാണിച്ച് ഫെബ്രുവരിയില്‍ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിന് ട്രംപ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശുപാര്‍ശകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുകൂടാതെ സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പ്രത്യുത്പാദന, ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അണ്ഡോത്പാദന രീതികളെക്കുറിച്ചും വന്ധ്യതയുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചുമുള്ള പൊതുജനങ്ങളുടെ അറിവ് വര്‍ധിപ്പിക്കാനും ബോധവത്കരണം നടത്താനുമാണ് ഇത് ലക്ഷ്യമിടുന്നത്. കുടുംബാസൂത്രണത്തെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ ദമ്പതിമാരെ ഇത് പ്രാപ്തമാക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 


 

facebook twitter