+

യുക്രെയ്നിനെതിരെയുള്ള യുദ്ധം റഷ്യ 50 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കിൽ 100 ശതമാനം താരിഫ് ചുമത്തും : ‌ഭീഷണിയുമായി ട്രംപ്

യുക്രെയ്നിനെതിരെയുള്ള യുദ്ധം റഷ്യ 50 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കിൽ 100 ശതമാനം താരിഫ് ചുമത്തും : ‌ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: യുക്രെയ്നിനെതിരെയുള്ള യുദ്ധം റഷ്യ 50 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കിൽ 100 ശതമാനം താരിഫ് ചുമത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി തൻറെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

50 ദിവസത്തിനുള്ളിൽ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഞങ്ങൾ വളരെ കടുത്ത താരിഫുകൾ ഏർപ്പെടുത്താൻ പോകുകയാണ്. വ്യാപാരം ഞാൻ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. യുദ്ധങ്ങൾ പരിഹരിക്കുന്നതിന് ഇത് വളരെ നല്ലതാണ് -ട്രംപ് പറഞ്ഞു.

പുടിനുമായുള്ള സൗഹൃദ ബന്ധത്തെക്കുറിച്ച് ട്രംപ് ഏറെ വീമ്പിളക്കിയിരുന്നു. സമാധാന കരാറിലെത്താൻ യുക്രെയ്നിനേക്കാൾ റഷ്യയാണ് കൂടുതൽ സന്നദ്ധമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകുന്നത് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ, റഷ്യൻ പ്രസിഡൻറിൻറെ കാര്യത്തിൽ തനിക്ക് നിരാശയുണ്ടെന്ന് തന്നെ ട്രംപിന് പറയേണ്ടി വന്നു.

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടെ റഷ്യ ആക്രമണം കൂടുതൽ രൂക്ഷമാക്കിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. തുടർന്ന്, യുക്രെയ്നിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ സൈനിക ഉപകരണങ്ങൾ അയയ്ക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉക്രെയ്‌നിലേക്ക് അയയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പുടിൻ ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തി. അദ്ദേഹം നന്നായി സംസാരിക്കുകയും വൈകുന്നേരം എല്ലാവരെയും ആക്രമിക്കുകയും ചെയ്യുന്നു -ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ആയുധങ്ങൾ അയക്കുന്നത് യുക്രെയ്ൻ സ്വാഗതം ചെയ്തിട്ടുമുണ്ട്. ട്രംപിനെ വിളിച്ച് സെലെൻസ്‌കി പിന്തുണക്ക് നന്ദി അറിയിച്ചെന്നാണ് റിപ്പോർട്ട്.

facebook twitter