7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്

08:57 AM Dec 17, 2025 | Kavya Ramachandran

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം. ഇത് കൂടാതെ യുഎസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ, ഭരണഘടനാപരമായ മൂല്യങ്ങൾ എന്നിവയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ളവരെയും തടയുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രഖ്യപനത്തിൽ വ്യക്തമാക്കി.

സിറിയയിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. ബഷർ അൽ-അസ്സാദിന്റെ ഭരണകൂടം വീണതിന് ശേഷം സിറിയയെ അന്താരാഷ്ട്ര തലത്തിൽ പുനരുജ്ജീവിപ്പിക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണ് സംഭവം. പുതിയ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോണെ, സൗത്ത് സുഡാൻ എന്നിവയും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസും ഉൾപ്പെടുന്നു. അതേ സമയം, ഇസ്രയേലിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി പലസ്തീനിയൻ അനുകൂല നിലപാടെടുത്ത ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം മുഖം തിരിക്കുകയാണ്. 

സമീപകാലങ്ങളിൽ ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാർരെതിരെ കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ റാലിയിൽ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെ ഒഴിവാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെ ‘Shithole Countries’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാൽ നോർവേ, സ്വീഡൻ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിന്നസോട്ടയിൽ സർക്കാർ ഫണ്ടുകൾ തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സൊമാലിയക്കാരെ അദ്ദേഹം “മാലിന്യം” എന്നും വിശേഷിപ്പിച്ചിരുന്നു. ഇതിനു മുമ്പേ സോമാലിയൻ പൗരന്മാർക്ക് യുഎസിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.

അഫ്ഗാനിസ്ഥാൻ, ചാഡ്, കോൺഗോ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, എരിത്രിയ, ഹൈത്തി, ഇറാൻ, ലിബിയ, മ്യാൻമർ, സുഡാൻ, യെമൻ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൂർണ്ണ യാത്രാ വിലക്കിൽ തുടരും. നൈജീരിയയ്ക്കു പുറമെ അങ്കോള, ആന്റിഗ്വാ ആൻഡ് ബാർബുഡ, ബെനിൻ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, ഐവറി കോസ്റ്റ്, മലാവി, മൗറിറ്റാനിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്വേ എന്നീ രാജ്യങ്ങൾക്കും ഭാഗിക നിയന്ത്രണങ്ങൾ ബാധകമാകും. ജനാധിപത്യ പ്രതിബദ്ധതയ്ക്കായി മുൻ പ്രസിഡന്റ് ജോ ബൈഡൻ പ്രശംസിച്ചിരുന്ന അങ്കോള, സെനഗൽ, സാംബിയ തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.