സാബു ജേക്കബിന്റെ പ്രഖ്യാപനം ഉടായിപ്പോ? പഞ്ചായത്തുകള്‍ ലാഭമുണ്ടാക്കുന്ന ബിസിനസ് അല്ല, പദ്ധതി നിര്‍വഹണത്തിനുള്ള തുക ചെലവഴിക്കാതെ വകമാറ്റുന്നതെങ്ങനെ? ഗ്യാസിനും വൈദ്യുതിക്കും പണം നല്‍കാന്‍ വകുപ്പുണ്ടോ?

09:28 AM Apr 02, 2025 | Raj C

കൊച്ചി: കിറ്റക്‌സ് ഉടമയും ട്വന്റി 20 പാര്‍ട്ടിയുടെ തലവനുമായ സാബു ജേക്കബ് കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സാബു ജേക്കബിന്റെ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളായ കിഴക്കമ്പലത്തും ഐക്കരനാടും ഒന്‍പതു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ 37 കോടി രൂപ ലാഭമുണ്ടാക്കിയെന്നും ഈ തുക ഉപയോഗിച്ച് രണ്ട് പഞ്ചായത്തുകളിലുമുള്ള അര്‍ഹതപ്പെട്ടവരുടെ വൈദ്യുതി ബില്ലിന്റേയും പാചകവാതക സിലിന്‍ഡര്‍ വിലയുടേയും 25 ശതമാനം കുറച്ചുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ഭരണം ഉറപ്പിക്കുകയാണ് സാബു ജേക്കബ് ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

പഞ്ചായത്തുകള്‍ കോടിക്കണക്കിന് മിച്ചം പിടിക്കാന്‍ ഇത് ബിസിനസ് അല്ലെന്ന് ഇതേക്കുറിച്ച് പ്രതികരിച്ച നിഷാന്ത് പെരുമന പറയുന്നു. സര്‍ക്കാരിന്റെ ഫണ്ടും പഞ്ചായത്തുകളുടെ വരുമാനവും അതാത് വര്‍ഷം വികസന പദ്ധതികള്‍ക്കായി ചെലവഴിച്ച് തീര്‍ക്കുന്നതിലാണ് പഞ്ചായത്ത് മികവ് കാട്ടേണ്ടത്. കോടിക്കണക്കിന് രൂപ മിച്ചം എന്നാല്‍ അത്രയും തുക പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കാന്‍ കഴിഞ്ഞില്ല എന്നതാണെന്ന് നിഷാന്ത് ചൂണ്ടിക്കാട്ടുന്നു.

നിഷാന്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്,

 

ട്വൊന്റി20 മുതലാളി സാബു എം ജേക്കബ്ബ്, കിഴക്കമ്പലത്ത് തങ്ങളുടെ ഭരണ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത് പഞ്ചായത്ത്  കോടിക്കണക്കിന് രൂപ മിച്ചം പിടിച്ച് ലാഭം ഉണ്ടാക്കി എന്നാണു്.!  ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പാക്കുകയും, അടിസ്ഥാന വികസനം നടപ്പിലാക്കുകയും ചെയ്യുകയാണ് ഒരു പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടു്, പഞ്ചായത്തിന്റെ നികുതി വരുമാനം (തനത് ഫണ്ട് ) എന്നിവ പ്രാദേശിക വികസനത്തിന് അതാതു വര്‍ഷം ചിലവഴിച്ചു തീര്‍ക്കുക എന്നതാണു് പഞ്ചായത്തുകളുടെ കര്‍ത്തവ്യം. പണം ചിലവഴിക്കുന്നതിന് പദ്ധതികള്‍ ഉണ്ടാക്കുക. ഓഡിറ്റിങ്ങിന് വിധേയമായി അത് ചിലവഴിക്കുക എന്നതൊക്കെയാണ് സാധാരണ പഞ്ചായത്തുകള്‍ ചെയ്യുന്നത്.ഭരണം, പദ്ധതി രൂപീകണം, വിനിയോഗം എന്നിവ പരിശോധിച്ചാണ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നത്. അപ്പോഴാണ് ചില വഴിക്കാതെ കിടക്കുന്ന കോടിക്കണക്കിന് രൂപ ലാഭമായി, (മേന്‍മ്മയായി) സാബു എം ജേക്കബ്ബ് അവതരിപ്പിക്കുന്നത്, എന്തൊരു വിരോധാഭാസമാണ്. ജനങ്ങളെ അരാഷ്ട്രീയതയുടെ ജല്‍പ്പനങ്ങള്‍ കേള്‍പ്പിച്ച് വിഡ്ഡികളാക്കി ഭരിക്കാം എന്ന സാബുവിന്റെ ആത്മവിശ്വാസത്തിന് ഇതില്‍ക്കൂടുതല്‍ തെളിവു വേണ്ട.

പഞ്ചായത്ത് ഭരണം എന്നാല്‍ മൂലധനം മുടക്കലും മിച്ചം പിടിക്കലുമുള്ള ബിസിനസ് അല്ല. തദ്ധേശ ഭരണം എന്നാല്‍ പ്രാദേശിക വികസനമാണു്.  കോടിക്കണക്കിന് രൂപ മിച്ചം എന്നാല്‍ അത്രയും തുക പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കാന്‍ കഴിഞ്ഞില്ല എന്നതാണു്.

പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിവര്‍ഷം വിവിധ സര്‍ക്കാര്‍ വിഹിതമായി കിട്ടുന്നത് ഏകദേശം ഏഴ് കോടി രൂപ വീതമാണു്. പഞ്ചായത്തിന്റെ പ്രതിവര്‍ഷ വരുമാനവും, സമാഹരിക്കാവുന്ന തുകയും ചേര്‍ത്താണ് ഒരു വര്‍ഷത്തെ പഞ്ചായത്തിന്റെ ബഡ്ജറ്റ്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ കുറച്ച് ശതമാനം തുക, കൃഷി, സാമൂഹികക്ഷേമം, പട്ടികജാതി പട്ടിക വികസനം എന്നിവയിലൂടെ ചിലവഴിക്കണം.നബാഡ് പോലുള്ള വായ്പകളും പഞ്ചായത്തിന് ലഭിക്കും. നികുതി വരുമാനമാണു് പഞ്ചായത്തിന്റെ തനത് ഫണ്ട്. അത് ശബളം, പ്രാദേശിക വികാസനം, ആരോഗ്യ, വിദ്യാഭ്യാസ സാമൂഹികക്ഷേമങ്ങള്‍ക്കായി ചിലവഴിക്കാം. ജില്ലാ പഞ്ചായത്തിന്റേയും, ബ്ലോക്ക് പഞ്ചായത്തിന്റേയും ഫണ്ടും പഞ്ചായത്തില്‍ ചിലവഴിക്കപ്പെടും. ഇതൊക്കെ നന്നായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തില്‍ ഗ്രാമസഭകള്‍ കൂടി നടപ്പാക്കപ്പെടും. വാര്‍ഷ്യാന്ത്യത്തില്‍ ഓഡിറ്റിഗും ഉണ്ടാവും.
റോഡുകള്‍, പാലങ്ങള്‍, അംഗനവാടികള്‍, ആശുപത്രി നവീകരണങ്ങള്‍, ഭവന പദ്ധതികള്‍ എന്നു വേണ്ട, എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് ചിലവഴിക്കുന്നത്. കൃഷിക്കായി ജലശ്രോതസുകള്‍ നവീകരിക്കുക, നീര്‍ത്തടാധിഷ്ടിത, തണ്ണീര്‍തട പദ്ധതികള്‍, ഉറവിട മാലിന്യ സംസ്‌ക്കരണം, സ്ട്രീറ്റ് ലൈറ്റ്,  കന്നുകാലി വളര്‍ത്തല്‍, കുടുംബശ്രീ സംവിധാനങ്ങള്‍, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവയൊക്കെ എല്ലാ പഞ്ചായത്തിലും നടക്കുന്നുണ്ടു്. അതൊക്കെ സര്‍ക്കാര്‍ ഫണ്ടാണു്. ആ പഞ്ചായത്തുകളില്‍ ഒന്നും തന്നെ അതൊക്കെ തങ്ങളുടേതാണന്ന അവകാശവാദവുമായി ഭരണ സമിതി പാര്‍ട്ടിക്കാര്‍ ഇറങ്ങാറില്ല.. കോടികളുടെ കമ്പനി പരസ്യത്തിന് വേണ്ടി മുഖസ്തുതി പറയാന്‍ നില്‍ക്കുന്ന മാധ്യമങ്ങളെ കൊണ്ടു് തള്ളിക്കാറില്ല.. പെയ്ഡ് പ്രമോഷന്‍ നടത്താറുമില്ല.

കിഴക്കമ്പലത്തെ സിങ്കപ്പൂര്‍ മാതൃകയില്‍ വികസിപ്പിക്കും എന്നാണ് ട്വൊന്റി 20 പറഞ്ഞതു്. എന്നാല്‍ ഈ വര്‍ഷത്തെ ഗ്രേഡിങ്ങ് പ്രകാരം പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ ഈ പഞ്ചായത്ത് എറണാകുളം ജില്ലയില്‍ അന്‍പത്തി മൂന്നാം സ്ഥാനത്താണ്. നാട്ടില്‍ ചിലവഴിക്കേണ്ട പദ്ധതി വിഹിതവും, തനത് ഫണ്ടും വിനിയോഗിക്കാന്‍ ഭരണ സമിതിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ട്വൊന്റി 20 തള്ളുകള്‍ക്ക് ഇടയിലൂടെയുള്ള യഥാഥ വസ്തുത ചിലവഴിക്കപ്പെടാത്ത തനത് ഫണ്ടിന്റെ കണക്കാണു് ഈ കോടികള്‍.  അല്ലാതെ പഞ്ചായത്തു ഭരണം ലാഭം ഉണ്ടാക്കിയ കണക്കല്ല.

പ്ലാന്‍ ഫണ്ടും തനത് ഫണ്ടും, നബാഡ്, കുടുംബശ്രീ വായ്പകളും, ചിലവഴിക്കാതെയിരിക്കുക. ചിലവഴിക്കുന്ന തുക ട്വൊന്റി 20 മുതലാളിയുടെ തോന്നിയപോലെ ചിലവഴിക്കുക. കമ്പനിയുടെ വസ്തുവകള്‍ക്ക് മുന്നിലൂടെ മാത്രം റോഡുകള്‍ നിര്‍മ്മിക്കുക. സര്‍ക്കാര്‍ ഫണ്ടില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ട്വൊന്റി 20 എന്ന കമ്പനി സംഘടനയുടേയും, കിറ്റെക്‌സ് മുതലാളിയുടെ ദയാവായ്പുമായി പ്രചരിപ്പിക്കുക. കമ്പനികള്‍ നിര്‍ബന്ധമായും,നല്‍കേണ്ട, നടപ്പിലാക്കേണ്ട CSR ഫണ്ട് ഉപയോഗിച്ച് കമ്പനി സാധനങ്ങള്‍ കമ്പനി വിലയ്ക്ക് നല്‍കാന്‍ അടിമക്കാര്‍ഡ് അടിച്ച്, ന്യായവില ഷോപ്പുകള്‍ എന്ന പേരില്‍ അടിമ വില ഷോപ്പുകള്‍ തുടങ്ങുക.. സാധാരണ ജനങ്ങളെ രാഷ്ട്രീയ അടിമകളാക്കുക. അങ്ങനെ ആധുനിക കാലത്തെ ജന്‍മ്മിത്വ മുതലാളിത്തമാണ് ജനാധിപത്യ കാലത്ത് കിഴക്കമ്പലത്ത് നടക്കുന്നത്.