+

ഹോട്ടലില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

നഗരത്തിലെ ഹോട്ടലില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കോയമ്പത്തൂര്‍ മധുക്കര അണ്ണാനഗര്‍ ഇടയാര്‍ റോഡ് ആരിഫ് റഹ്മാന്‍ (35), നിലവില്‍ കോയമ്പത്തൂര്‍ വെള്ളല്ലൂര്‍ സിംഗനെല്ലൂരില്‍ താമസിക്കുന്ന പാലക്കാട് പള്ളിമൊക്ക് കുത്തനൂര്‍ സ്വദേശി മുഹമ്മദ് സലിം (37) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് പിടികൂടിയത്.

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കോയമ്പത്തൂര്‍ മധുക്കര അണ്ണാനഗര്‍ ഇടയാര്‍ റോഡ് ആരിഫ് റഹ്മാന്‍ (35), നിലവില്‍ കോയമ്പത്തൂര്‍ വെള്ളല്ലൂര്‍ സിംഗനെല്ലൂരില്‍ താമസിക്കുന്ന പാലക്കാട് പള്ളിമൊക്ക് കുത്തനൂര്‍ സ്വദേശി മുഹമ്മദ് സലിം (37) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും മോഷണം പോയ മോട്ടോര്‍ സൈക്കിളും കസ്റ്റഡിയില്‍ എടുത്തു.

പാലക്കാട് മണപ്പുള്ളിക്കാവ് അലങ്ങാട്ടുതറ വടക്കത്ത് വീട്ടില്‍ രന്‍ജുമോന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിളാണ് ഇക്കഴിഞ്ഞ 20 ന് മോഷ്ടിച്ചത്. മിഷ്യന്‍ സ്‌കൂളിന് സമീപമുള്ള ഹോട്ടലില്‍ പോയി മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തിയ ശേഷം തിരിച്ച് വന്ന് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. രന്‍ജുമോന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും ഇരുചക്രവാഹനത്തില്‍ പാലക്കാട് എത്തിയ പ്രതികള്‍ ബാറില്‍ കയറി മദ്യപിച്ചതിനുശേഷം ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിരുന്ന ബൈക്ക് എടുത്ത് പോയതായി വ്യക്തമായത്.

തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും പ്രതികളെത്തിയ ഇരുചക്ര വാഹനത്തിന്റെ നമ്പറും, ഫോണും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സലീമിനെ കുത്തനൂരിലെ ഭാര്യവീട്ടില്‍ നിന്നും ആരിഫിനെ കോയമ്പത്തൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇരുവരും മുന്‍പ് നിരവധി വാഹന മോഷണ കേസുകളിലും മറ്റു മോഷണ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ടൗണ്‍ സൗത്ത് സബ് ഇന്‍സ്‌പെക്ടര്‍ ഹേമലതയുടെ നേതൃത്വത്തില്‍ സി.പി.ഒമാരായ എം. രാജേഷ്, സി. ബിനു, എം. മൃദുലേഷ്, ബി. പ്രിയന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. കളവു നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടിക്കാന്‍ സാധിച്ചതിനാലാണ് ബൈക്ക് പൊളിച്ചു വില്‍ക്കുന്നതിനു മുമ്പായി കണ്ടെത്താന്‍ കഴിഞ്ഞത്.
 

facebook twitter