കോഴിക്കോട്ട് ബൈക്കപകടത്തില്‍ സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ മരിച്ചു

10:11 AM Aug 02, 2025 |


കോഴിക്കോട്ട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. കല്ലായി കട്ടയാട്ട് പറമ്ബ് പള്ളിക്ക് സമീപം ഫാത്തിമ കോട്ടേജില്‍ ആർ.എം.അഫ്ന (20), കാളൂർ റോഡ് സ്വദേശി പറമണ്ണില്‍ മഹല്‍ (23) എന്നിവരാണ് മരിച്ചത്. ഫ്രാൻസിസ് റോഡില്‍ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

ബീച്ച്‌ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് അതേ ദിശയില്‍ പോകുകയായിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഫ്ന സംഭവസ്ഥലത്തുതന്നെ മരിച്ചു. മഹല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പകലാണ് മരിച്ചത്. ചെമ്മങ്ങാട് പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മാങ്കാവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും.