രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു, സിസിടിവി ദൃശ്യത്തില്‍ കൂട്ടുകാരിയായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ

06:12 AM Oct 30, 2025 | Suchithra Sivadas

കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന പരാതിയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലാണ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെ ഞെട്ടിച്ച സംഭവമുണ്ടായത്, ഭോപ്പാല്‍ പൊലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) തസ്തികയില്‍ ജോലി ചെയ്യുന്ന കല്‍പ്പന രഘുവംശിക്കെതിരെയാണ് കേസെടുത്തത്.

താന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ശേഷം കുളിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നതെന്ന് പാതിക്കാരി പറയുന്നു. ഡി.എസ്.പി. കല്‍പ്പന രഘുവംശി വീട്ടില്‍ പ്രവേശിച്ച് ഹാന്‍ഡ്ബാഗില്‍ വെച്ചിരുന്ന പണവും മറ്റൊരു സെല്‍ഫോണും എടുത്തുകൊണ്ടുപോയെന്ന് പരാതിക്കാരി പറയുന്നു.

കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പണവും ഫോണും കാണാനില്ലായിരുന്നു. തുടര്‍ന്ന്, സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഡി.എസ്.പി. രഘുവംശി വീട്ടിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും കണ്ടതെന്ന് പരാതിക്കാരി പറഞ്ഞു. ദൃശ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥ പണക്കെട്ട് കൈയ്യില്‍ പിടിച്ച് പുറത്തേക്ക് പോകുന്നത് കാണാമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.