കരവാനിനകത്ത് 2 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക

08:24 AM Dec 25, 2024 | Suchithra Sivadas

കോഴിക്കോട് വടകരയില്‍ കരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തല്‍. വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജനറേറ്റര്‍ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവര്‍ത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാന്‍ കാരണം.

മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി സുജിത്ത് ശ്രീനിവാസന്‍, അസി പ്രൊഫസര്‍ പി പി അജേഷ് എന്നിവര്‍ കാരവനില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ വാഹനത്തിനകത്ത് രണ്ട് യുവാക്കള്‍ മരിച്ച് കിടന്നത് ഒരു രാത്രിയും പകലും. 4 മണിക്കൂര്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍കൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂര്‍ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിര്‍ത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

Trending :