ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലും, തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസ്താവനയിലും യുഎഇ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിന്റെ ഭാഗമായി ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡറായ ഡേവിഡ് അഹദ് ഹൊര്‍സാന്റിയെ യുഎഇ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. യുഎഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷിമിയാണ് ഇസ്രയേല്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെയുള്ള ഏത് ആക്രമണവും ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ സുരക്ഷ സംവിധാനത്തിന് നേരെയുള്ള ആക്രമണമായി വിലയിരുത്തുമെന്ന് യുഎഇ വ്യക്തമാക്കി. ഈ ആക്രമണങ്ങള്‍ മേഖലയിലെ സമാധാനം ഇല്ലാതാക്കുമെന്നും, അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും അല്‍ ഹാഷിമി കൂട്ടിച്ചേര്‍ത്തു. ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയത് ഭീരുത്വപരമായ ആക്രമണമാണെന്ന് റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു.