സ്വദേശിവത്കരണം ശക്തമാക്കി യുഎഇ ; നിയമം ലംഘിച്ചാല്‍ കനത്ത പിഴയീടാക്കും

03:07 PM Dec 27, 2024 | Suchithra Sivadas

യുഎഇയില്‍ സ്വകാര്യമേഖലയിലെ സ്വദേശിവല്‍ക്കരണ പദ്ധതി നാഫിസിന്റെ വാര്‍ഷിക ലക്ഷ്യമായ 2% പൂര്‍ത്തിയാക്കാന്‍ ഇനി നാലു ദിവസം മാത്രം ബാക്കി. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.


2022ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണ പദ്ധതിയായ ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷത്തില്‍ 2% സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം.


കമ്പനികളുടെ സൗകര്യാര്‍ഥം 6 മാസത്തിലൊരിക്കല്‍ (ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍) 1% വീതം സ്വദേശികളെ നിയമിക്കാനും അനുമതിയുണ്ട്. 
ഇതനുസരിച്ച് ഡിസംബര്‍ 31നകം മുന്‍ വര്‍ഷങ്ങളിലെ 4 ശതമാനവും ചേര്‍ത്ത് മൊത്തം 6% സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം.
2025, 2026 വര്‍ഷങ്ങളിലെ 2% വീതം ചേര്‍ത്ത് മൊത്തം 10% ആക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തുകയും കുറഞ്ഞ ഗ്രേഡിലേക്ക് തരം താഴ്ത്തുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. 


2 വര്‍ഷത്തിനിടെ 1400ലേറെ കമ്പനികള്‍ക്ക് പിഴ ചുമത്തിയിരുന്നു. വ്യാജ റിക്രൂട്‌മെന്റ് നടത്തിയ 1200 കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.