തനിയെ ഓടുന്ന ടാക്സി കാറുകൾ 2026 അവസാനത്തോടെ നിരത്തിലിറക്കാൻ ഊബർ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിലാണ് പ്രത്യേകം നിർമ്മിച്ച ഓട്ടോണമസ് ടാക്സിയുടെ ആദ്യ ഓട്ടം കമ്പനി നടത്തുക. ഇലക്ട്രിക് കാർ കമ്പനിയായ ലൂസിഡ്, സെൽഫ് ഡ്രൈവിംഗ് ടെക്നോളജി കമ്പനിയായ ന്യൂറോ ഇൻകോർപ്പറേറ്റഡ് എന്നിവരുമായി ചേർന്നാണ് റോബോടാക്സി വികസിപ്പിക്കുകയെന്ന് ഊബർ അറിയിച്ചു. ലൂസിഡിന്‍റെ ഗ്രാവിറ്റി എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഊബറിന്‍റെ ഡ്രൈവറില്ലാ കാറുകൾ നിരത്തിൽ ഇറങ്ങുന്നത്. ലൂസിഡ് അടുത്തിടെ ന്യൂറോയ്ക്ക് ടെസ്റ്റ് വാഹനങ്ങൾ എത്തിച്ചിരുന്നു. വരും മാസങ്ങളിൽ 100 ടെസ്റ്റ് വാഹനങ്ങൾ നിരത്തിലിറക്കാൻ പദ്ധതിയിടുന്നതായി ഊബർ പറഞ്ഞു.
ആറ് വർഷത്തിനുള്ളിൽ, ഒന്നിലധികം സ്ഥലങ്ങളിൽ ഇരുപതിനായിരത്തിലധികം ലൂസിഡ് ഓട്ടോണമസ് ടാക്സികൾ നിരത്തിലിറക്കാനാണ് പദ്ധതി. ഊബർ ആപ്പ് വഴി ആളുകൾക്ക് ഡ്രൈവറില്ലാ വാഹങ്ങൾ ബുക്ക് ചെയ്യാം. അതേസമയം, ടെക് കമ്പനിയായ എൻവിഡിയയുമായും വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസുമായും ചേർന്നും ഊബർ റോബോടാക്സികൾ വികസിപ്പിക്കുന്നുണ്ട്. 2028 ൽ, എൻവിഡിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.