കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്

07:20 PM Dec 29, 2024 | Neha Nair

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി താഴേക്ക് വീണ് ഉമാ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്. നൃത്ത പരിപാടിയിൽ പങ്കെടുക്കാനായാണ് എം.എൽ.എ സ്റ്റേഡിയത്തിൽ എത്തിയത്.

തലക്കും മറ്റും സാരമായി പരിക്കേറ്റ എം.എൽ.എയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിടിച്ചാണ് ഉമാ തോമസ് വീണതെന്നാണ് പ്രാഥമിക വിവരം. ഗാലറിയുടെ വശത്തുനിന്ന എം.എൽ.എ താഴേക്ക് വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പും തലയിൽ വീണു.

വീണ ഉടൻ തന്നെ ബോധം നഷ്ടപ്പെട്ടു. സുരക്ഷ ജീവനക്കാരും മറ്റും ഉടൻ തന്നെ ആംബുലൻസിൽ എം.എൽ.എയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിറ്റി പൊലീസ് കമീഷണർ ഉൾപ്പെടെയുള്ളവർ ഈസമയം വേദിയിൽ ഉണ്ടായിരുന്നു. ജില്ല കലക്ടറും കോൺഗ്രസ് നേതാക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.