എളങ്കൂരില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വിഷ്ണുജയുടെ സുഹൃത്ത്. ഭര്‍ത്താവില്‍ നിന്ന് വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത് പറഞ്ഞു. വിഷ്ണുജക്ക് ശാരീരിക പീഡനവും ഏല്‍ക്കേണ്ടി വന്നു. സുഹൃത്തുക്കളോട് സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.
വിഷ്ണുജയുടെ ഫോണ്‍ പ്രഭിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് സുഹൃത്ത് പറയുന്നത്. വിഷ്ണുജ അറിയാതെ മൊബൈല്‍ ഫോണ്‍ പ്രഭിന്റെ ഫോണുമായി കണക്ട് ചെയ്തിരുന്നു. വിഷ്ണുജയുടെ ഫോണില്‍ നിന്ന് പ്രതി തെളിവുകള്‍ നീക്കം ചെയ്തുവെന്നും സുഹൃത്ത് പറഞ്ഞു. ഫോണില്‍ പോലും വിഷ്ണുജക്ക് മനസുതുറന്ന് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഫോണ്‍ ഇടയ്ക്കിടെ ചെക്ക് ചെയ്യുമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്റെ അറസ്റ്റ് കഴിഞ്ഞദിവസം മഞ്ചേരി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു.