
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ്-സാംസ്കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്-ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളുമായി ഡല്‍ഹിയില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.കേന്ദ്ര-കേരള സര്‍ക്കാരുകളും യൂറോപ്യന്‍ യൂണിയനും സംയുക്തമായി ഒരുക്കുന്ന കേരള-യൂറോപ്യന്‍ യൂണിയന് (EU ) ബ്ലൂ എക്കണോമി കോണ്‍ക്ലേവ് 2025 - "ബ്ലൂ ടൈഡ്സ്" ലേക്ക് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിനെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.
ബ്ലൂ എക്കണോമി കോണ്‍ക്ലേവ് 2025 - "ബ്ലൂ ടൈഡ്സിന്റെ" ഏകോപനവും സംഘാടനവും സംസ്ഥാന ഫിഷറീസ് വകുപ്പാണ്.സഫ്ദര്‍ജംഗ് റോഡിലെ റെസിഡന്‍ഷ്യല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ അശ്വതി ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.കേരള-യൂറോപ്യന്‍ യൂണിയന് (EU) ബ്ലൂ എക്കണോമി കോണ്‍ക്ലേവ്- "ബ്ലൂ ടൈഡ്സ്" 2025 സെപ്റ്റംബര്‍ 18-19 തീയതികളില്‍ തിരുവനന്തപുരം കോവളത്തുള്ള ദി ലീല റാവിസില്‍ (The Leela Raviz) വെച്ച് നടക്കും.
യൂറോപ്യന്‍ യൂണിയനിലെ (EU) അംഗരാജ്യങ്ങളുടെ അംബാസഡര്‍മാര്‍, മുതിര്‍ന്ന നയരൂപകര്‍ത്താക്കള്‍, നയതന്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ബ്ലൂ എക്കണോമി (blue economy) മേഖലയിലെ വിദഗ്ദ്ധര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഉന്നതതല പരിപാടിയാണിത്.ബ്ലൂ എക്കണോമിയിലെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
സമുദ്ര മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കുലര്‍ എക്കണോമി, ഊര്‍ജ്ജ സംക്രമണം, സ്മാര്‍ട്ട് പോര്‍ട്ടുകള്‍, ടൂറിസം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടായിരിക്കും. കൂടാതെ, സാംസ്കാരിക പരിപാടികളും നെറ്റ്വര്ക്കിംഗ് അവസരങ്ങളും ഈ കോണ്‍ക്ലേവിന്റെ ഭാഗമായി ഉണ്ടാകും.
ഇന്ത്യ-കേരള-EU പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിരമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും, ബ്ലൂ എക്കണോമിയിലെ സഹകരണത്തിനും നൂതന ആശയങ്ങള്‍ക്കുമുള്ള ഒരു കേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള ഒരു വേദി കൂടിയായിരിക്കും ഈ പരിപാടി.