യുണൈറ്റഡ് കിങ്ഡം ഓഫ് കേരള നാളെ മുതൽ തിയറ്ററുകളിൽ ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

08:14 PM Jun 19, 2025 | Kavya Ramachandran

രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന പുതിയ ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരള നാളെ മുതൽ തിയറ്ററുകളിൽ. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. എല്ലാ ടിക്കറ്റ് ബുക്കിംഗ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റ് ലഭ്യമാണ്.

ഇന്ദ്രൻസ്, സംഗീത, സാരംഗി ശ്യാം, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരെ കൂടാതെ മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു, മീര വാസുദേവ്, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും കൂടാതെ ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു. മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു. നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകരുന്നു.

Trending :