കൊൽക്കത്ത : ബംഗാൾ ഗൗർ ബംഗ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പ്രഫ. പബിത്ര ചതോപാധ്യായയെ ചാൻസലർ കൂടിയായ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് പുറത്താക്കി.
ആഗസ്റ്റ് 25ന് നടത്താൻ നിശ്ചയിച്ച സർവകലാശാല ബിരുദദാന സമ്മേളനം സർക്കാറിന്റെ നിർദേശപ്രകാരം വി.സി റദ്ദാക്കിയിരുന്നു. നിയമപരമായ ചെലവുകൾക്കായി ഇടക്കാല വി.സി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച് കോളജ് ഇൻസ്പെക്ടർ കൽക്കത്ത ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
നിയമച്ചെലവുകൾ വഹിക്കാൻ പ്രഫ. ചതോപാധ്യായ പണം ആവശ്യപ്പെട്ടതായി സർവകലാശാലയുടെ കോളജ് ഇൻസ്പെക്ടർ ആരോപിക്കുകയും സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി ഗവർണറുടെ അനുമതിയില്ലാതെ ബിരുദദാനച്ചടങ്ങ് റദ്ദാക്കുകയും ചെയ്തതിനു പിന്നാലെയാണ് പബിത്ര ചതോപാധ്യായയെ ഗവർണർ നീക്കം ചെയ്തത്. സർവകലാശാലകളെ അഴിമതി - അക്രമവിമുക്തമാക്കാനുള്ള ഗവർണറുടെ തീവ്രയത്നത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് രാജ്ഭവൻ വക്താവ് അറിയിച്ചു.