ഉണ്ണി മുകുന്ദന് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രം ചര്‍ച്ചയാകുന്നു. ML 2255 എന്ന നമ്പര്‍ പ്ലേറ്റുള്ള സ്കൂട്ടറില്‍ ഇരിക്കുന്ന ചിത്രം ഉണ്ണി മുകുന്ദന് പങ്കുവെച്ചതും, പോസ്റ്റിന്റെ കമന്റ്റ് ബോക്സ് ആരാധകരുടെ സംശയങ്ങളും ഊഹാപോഹങ്ങളും കൊണ്ട് നിറഞ്ഞു. മോഹന്‍ലാലിന്റെ അപ്പാര്‍ട്ട്മെന്റില്‍ സൂക്ഷിച്ചിരിക്കുന്ന ലാമ്പി സ്കൂട്ടറില്‍ ആണ് ഉണ്ണി മുകുന്ദന് ഇരിക്കുന്നത് എന്ന് ആരാധകര്‍ ഉടനടി കണ്ടെത്തി.
അടുത്തിടെ നടന് മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയും അതിനോടനുബന്ധിച്ച് പുറത്തു വിട്ട ചിത്രങ്ങളും വൈറല്‍ ആയിരുന്നു. ഉണ്ണി മുകുന്ദന്റെ 100 കോടി ക്ലബ്ബിലെത്തിയ മാര്‍ക്കോയുടെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ എത്തുമോ എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. മാര്‍ക്കോക്ക് രണ്ടും മൂന്നും നാലും ഭാഗങ്ങള്‍ വരും എന്ന് ഉണ്ണി മുകുന്ദന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടാതെ രണ്ടാം ഭാഗത്തേക്കുള്ള ഒരു ടെയ്ല് എന്‍ഡ് കൂടി മാര്‍ക്കോയുടെ എന്‍ഡ് ക്രെഡിറ്റി സീനില്‍ ഉണ്ടായിരുന്നു. ചിയാന്‍ വിക്രം ആവും മാര്‍ക്കോ 2 വില്‍ വില്ലന്‍ വേഷം ചെയ്യുന്നത് എന്ന ഫാന്‍ തിയറികള്‍, ഉണ്ണി മുകുന്ദനും പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദും ചേര്‍ന്ന് വിക്രവുമായി കൂടിക്കാഴ്ച്ച നടത്തിയ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ പലരും ഉറപ്പിച്ചു.
ഇപ്പോള്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സൂചനകള്‍ ഉണ്ണി മുകുന്ദന് പങ്കുവച്ചപ്പോള്‍, പോസ്റ്റിനു ക്യാപ്ഷനായി 'സംതിങ് സ്പെഷ്യല്‍ ഈസ് ഓണ്‍ ദി വേ' എന്ന് കുറിച്ചിരുന്നു. അതില്‍ സ്പെഷ്യല്‍ എന്ന വാക്കിന്റെ L എന്ന അക്ഷരം ക്യാപ്പിറ്റല്‍ ലെറ്ററിലും കൂടുതല്‍ കടുപ്പത്തിലും ആണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഗെറ്റ് സെറ്റ് ബേബി എന്ന ഹാഷ്ടാഗ് ചൂണ്ടിക്കാട്ടി ചില ആരാധകര്‍ പറയുന്നത്, ഉണ്ണി മുകുന്ദന്റെ റിലീസിനൊരുങ്ങുന്ന ചിത്രമായ ഗേറ്റ് സെറ്റ് ബേബി ആശിര്‍വാദ് സിനിമാസ് തിയറ്ററുകളിലെത്തിക്കാന്‍ ഒരുങ്ങുന്നു എന്നാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗേറ്റ് സെറ്റ് ബേബി ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.