ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ചാണകം അധിഷ്ഠിതമായ പ്രകൃതിദത്ത പെയിന്റ് ഉപയോഗിക്കാനും ഇതിനായുള്ള പെയിന്റ് ഉല്‍പ്പാദന പ്ലാന്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പിന്റെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച ആദിത്യനാഥ്, സംസ്ഥാനത്തെ ഗോ സംരക്ഷണ കേന്ദ്രങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിന് കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. 40,968.29 ഹെക്ടര്‍ മേച്ചില്‍പ്പുറങ്ങള്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായും 12,168.78 ഹെക്ടര്‍ പച്ചപ്പുല്ല് ഉല്പാദനത്തിനായി നീക്കിവച്ചതായും മുഖ്യമന്ത്രിയെ അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള 7,693 ഗോ ആശ്രമങ്ങളിലായി 11.49 ലക്ഷം പശുക്കളെ നിലവില്‍ സംരക്ഷിക്കുകയും സിസിടിവി ക്യാമറകളിലൂടെയും പതിവ് പരിശോധനകളിലൂടെയും ഇവയെ നിരീക്ഷിക്കുയും ചെയ്യുന്നു. തൊണ്ട് ബാങ്കുകള്‍ സ്ഥാപിക്കുന്നതും, വെള്ളം, പച്ചപ്പുല്ല്, തവിട് എന്നിവയുടെ മതിയായ വിതരണവും ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
രാസ പെയിന്റുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ബദലുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറയുന്നു. ചാണകം പ്രകൃതിദത്ത ബൈന്ഡറുകളുമായി കലര്‍ത്തി, കുറഞ്ഞ ചെലവില്‍, ദൃഢവും ഗന്ധരഹിതവുമായ പെയിന്റ് നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം.
പെയിന്റ്, ബയോഗ്യാസ് ഉല്‍പ്പാദനം പോലുള്ള വരുമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ച് ഗോശാലകളെ സാമ്പത്തികമായി സുസ്ഥിരമാക്കാന്‍ ആദിത്യനാഥ് ലക്ഷ്യമിടുന്നു.
പ്രദേശിക കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷനുമായി സഹകരിച്ച്, ബയോഗ്യാസ് യൂണിറ്റുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഗ്രാമീണ ഉപജീവനം മെച്ചപ്പെടുത്തി, ഡയറി കോ-ഓപ്പറേറ്റീവുകളില് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനാണ് ശ്രമം. പശുവളര്‍ത്തലിലൂടെ കൂടുതല്‍ ആദായവും അതിലൂടെ പശു സംരക്ഷണവും സര്‍ക്കാര്‍ ലക്ഷ്യങ്ങളാണ്.
അതേസമയം, ഗണ്യമായ നിക്ഷേപങ്ങള്‍ ഉണ്ടായിട്ടും, തെരുവ് പശുക്കള്‍ വിളകള്‍ നശിപ്പിക്കുന്നു. പലരും വയലുകള്‍ മുള്ളുകമ്പി വേലി ഉപയോഗിച്ച് സംരക്ഷിക്കുകയാണ്. ഉല്‍പ്പാദനക്ഷമമല്ലാത്ത പശുക്കളെ കര്‍ഷകര്‍ വിട്ടയക്കുന്നതാണ് കാരണം. ആദിത്യനാഥ് 1990-കള്‍ മുതല്‍ 500-ലധികം പശുക്കളുള്ള ഒരു ഗോശാല കൈകാര്യം ചെയ്യുന്നുണ്ട്.