വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, സംഘടിത കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തി റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ അന്‍സല്‍ ഗ്രൂപ്പിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു.
കേസില്‍ കര്‍ശന നടപടിയെടുക്കാനും വീട് വാങ്ങുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് ഒരു ദിവസത്തിന് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ച സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ പേര് എടുത്തുപറഞ്ഞു.
അവരുടെ ഭരണകാലത്ത് ഇത്തരം ബില്‍ഡര്‍മാരെ അനുകൂലിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ലക്‌നൗവിലെ ഗോമതി നഗര്‍ പോലീസ് സ്റ്റേഷനിലാണ് ബില്‍ഡേഴ്‌സിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അന്‍സല്‍ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍ഫ്ര ലിമിറ്റഡ് പ്രൊമോട്ടര്‍മാരായ പ്രണവ് അന്‍സല്‍, സുശീല്‍ അന്‍സല്‍, സുനില്‍ കുമാര്‍ ഗുപ്ത, ഫ്രാന്‍സെറ്റ് പാട്രിക്ക അറ്റ്കിന്‍സണ്‍, വിനയ് കുമാര്‍ സിംഗ് (ഡയറക്ടര്‍) എന്നിവരെയാണ് കുറ്റക്കാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഎന്‍എസ് സെക്ഷന്‍ 316(5) (വിശ്വാസ ലംഘനം), 318(4) (വഞ്ചന), 338 (വിലപ്പെട്ട സെക്യൂരിറ്റി വ്യാജമായി നിര്‍മ്മിക്കല്‍, വില്‍പത്രം മുതലായവ), 336(3) (വഞ്ചനയ്ക്ക് വ്യാജമായി നിര്‍മ്മിക്കല്‍), 340(2) (വ്യാജ രേഖ യഥാര്‍ത്ഥമായി ഉപയോഗിക്കുന്നത്), 61(2) (ക്രിമിനല്‍ ഗൂഢാലോചന), 352 (സമാധാന ലംഘനം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വമായ അപമാനം), 351(2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 111 (സംഘടിത കുറ്റകൃത്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എഫ്ഐആറിന്റെ പകര്‍പ്പ് പിടിഐക്ക് ലഭിച്ചു.