ഫോൺപേ യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചർ ആരംഭിച്ചു. ഈ ഫീച്ചറിലൂടെ ഒരു പ്രധാന ഉപയോക്താവ് വഴി (പ്രൈമറി യൂസർ എന്ന് വിളിക്കപ്പെടുന്നു), മറ്റ് ആളുകൾക്ക് (സെക്കൻഡറി യൂസർ എന്ന് വിളിക്കപ്പെടുന്നു) യുപിഐ പേയ്‌മെൻറുകൾ നടത്താൻ കഴിയും. സെക്കൻഡറി യൂസേഴ്സിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഇതിനു കഴിയുമെന്നതാണ് പ്രധാന കാര്യം. ഫോൺപേ യുപിഐ സർക്കിളിനെ കുറിച്ച് വിശദമായി അറിയാം.
നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആണ് യൂണിഫൈഡ് പേയ്‌മെൻറ് ഇൻറർഫേസ് (UPI) സർക്കിൾ സിസ്റ്റം വികസിപ്പിച്ചെടുത്തത്. യുപിഐ പേയ്‌മെൻറുകൾ കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം, അതോടൊപ്പം സെക്കൻഡറി യൂസേഴ്സ് എത്രത്തോളം പണം ചെലവഴിക്കുന്നുവെന്ന് നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഇതു പ്രൈമറി യൂസേഴ്സിനെ അനുവദിക്കുന്നു. കുട്ടികൾക്ക് പണം ചെലവഴിക്കാൻ നൽകുന്ന മാതാപിതാക്കൾക്കും സ്വന്തം സ്റ്റാഫുകളുടെ ചെലവുകൾ കൈകാര്യം ചെയ്യുന്ന തൊഴിലുടമകൾക്കുമെല്ലാം ഇത് ഉപയോഗപ്രദമാണ്. ഇന്ത്യയിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യത്തെ ആപ്പാണ് ഫോൺപേ.
പേയ്‌മെൻറ് പ്ലാറ്റ്‌ഫോമായ ഫോൺപേ ഇന്ത്യയിൽ യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ പോലുള്ള വിശ്വസ്തരായ ആളുകൾക്ക്- അവർക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ പോലും- ഒരു "സർക്കിൾ" ഉണ്ടാക്കാനും യുപിഐ ഐഡികൾ സൃഷ്ടിക്കാനും ഈ സവിശേഷത ഫോൺപേ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഒരു യുപിഐ സർക്കിൾ സൃഷ്ടിച്ചുകഴിഞ്ഞാൽ, പ്രധാന ഫോൺപേ ഉപയോക്താവ് പ്രൈമറി യൂസറാകും. പ്രൈമറി യൂസേഴ്സിന് പിന്നീട് മറ്റ് ആളുകളെ സെക്കൻഡറി യൂസേഴ്സായി സർക്കിളിലേക്ക് ചേർക്കാൻ കഴിയും. ഓരോ സെക്കൻഡറി യൂസർക്കും അവരുടേതായ യുപിഐ ഐഡി ലഭിക്കും. ഇത് ഓൺലൈനായി പേയ്‌മെന്റുകൾ നടത്താനോ ബില്ലുകൾ അടയ്ക്കാനോ ഉപയോഗിക്കാം. ഈ ഇടപാടുകൾക്കുള്ള എല്ലാ പണവും പ്രൈമറി യൂസറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും.
പ്രൈമറി യൂസർക്ക് പരിപൂർണ നിയന്ത്രണം
സെക്കൻഡറി യുസേഴ്സിനു പണം എങ്ങനെ ചെലവഴിക്കാമെന്നതിൽ പ്രൈമറി യൂസർക്ക് പൂർണ്ണ നിയന്ത്രണമുണ്ട്. ഇത് കൈകാര്യം ചെയ്യാൻ ഫോൺപേ രണ്ട് വഴികൾ വാഗ്ദാനം ചെയ്യുന്നു:
പാർഷ്യൽ ഡെലിഗേഷൻ മോഡിൽ, സെക്കൻഡറി യൂസർ നടത്തുന്ന ഓരോ പേയ്‌മെന്റിനും പ്രൈമറി യൂസർക്ക് ഒരു പ്രോംപ്റ്റ് ലഭിക്കും. പ്രൈമറി യൂസർ അത് അംഗീകരിച്ചാൽ മാത്രമേ ഇടപാട് നടക്കൂ.
ഫുൾ ഡെലിഗേഷൻ മോഡിൽ, പ്രാഥമിക ഉപയോക്താവിന് സെക്കൻഡറി യൂസേഴ്സിനുള്ള പ്രതിമാസ ചെലവ് പരിധി സജ്ജമാക്കാൻ കഴിയും. ഈ പരിധി നിശ്ചയിച്ചുകഴിഞ്ഞാൽ, സെക്കൻഡറി യൂസേഴ്സിന് ഓരോ ഇടപാടിനും അനുമതി ആവശ്യമില്ലാതെ തന്നെ പേയ്‌മെന്റുകൾ നടത്താൻ കഴിയും. എന്നിരുന്നാലും, പരിധികൾ നിലവിലുണ്ട്: പരമാവധി 15,000 രൂപ വരെ പ്രതിമാസ പരിധിയായി സജ്ജീകരിക്കാം, ഓരോ ഇടപാടും 5,000 രൂപയ്ക്കുള്ളിൽ എന്ന രീതിയിലുമാക്കാം.
ഒരാൾ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന, എന്നാൽ മറ്റുള്ളവർക്ക് ചെറിയ പേയ്‌മെന്റുകൾ നടത്താൻ അനുവദിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് ഈ ഫീച്ചർ സഹായകരമാകും.
യുപിഐ സർക്കിളിൽ, ഒരു പ്രൈമറി യൂസർക്ക് അഞ്ച് സെക്കൻഡറി യൂസറെ വരെ ചേർക്കാൻ കഴിയും. ഈ സെക്കൻഡറി യൂസേഴ്സിനു പണം അയയ്ക്കാനും യുപിഐ പേയ്‌മെൻറുകൾ നടത്താനും കഴിയും, എന്നാൽ ഒരു സമയം ഒരു പ്രൈമറി യൂസറുമായി മാത്രമേ അവരെ ബന്ധിപ്പിക്കാൻ കഴിയൂ.