ന്യൂഡൽഹി: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ സർക്കാർ പൊളിച്ചു നീക്കിയ ദർഗയിൽ ഉറൂസ് നടത്താൻ അനുമതി ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ദർഗ തകർത്തെങ്കിലും പ്രദേശത്തെ മുസ്ലിംകളുടെ പൂർവികരെ അവിടെ അടക്കം ചെയ്തിട്ടുണ്ടെന്നും അവർക്കായി വർഷങ്ങളായി ഉറൂസ് നടത്താറുണ്ടെന്നും ഫെബ്രുവരി ഒന്നു മുതൽ മൂന്നുവരെ ഇതിനായി അനുമതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
ക്രമസമാധാന പ്രശ്നം ഭയക്കുന്നുണ്ടെങ്കിൽ 20 പേരെയെങ്കിലും പങ്കെടുപ്പിച്ച് വർഷങ്ങളായുള്ള ആചാരം തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ദർഗയുണ്ടായിരുന്നത് പൊതു സ്ഥലത്തായിരുന്നുവെന്നും അവിടെയുള്ള ക്ഷേത്രങ്ങൾ അടക്കം പൊളിച്ചെന്നും ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രസ്തുത ഭൂമിയിൽ മതാചാരങ്ങൾക്കായി ഹിന്ദുക്കളിൽ നിന്ന് ലഭിച്ച സമാന അഭ്യർഥന നിരസിച്ചതായും ആർക്കും അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.