ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് മുഴക്കുന്ന ഭീഷണിക്കാണ് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്. ശക്തമായ ഭാഷയിലാണ് ഇന്ത്യയുടെ മറുപടി.
യുക്രെയ്‌നില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെടുമ്പോഴാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് എന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം തുടങ്ങിയപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചതാണെന്നും ആഗോള എണ്ണ വില പിടിച്ചു നിര്‍ത്തിയത് ഇന്ത്യയുടെ ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.
അമേരിക്ക റഷ്യയില്‍ നിന്ന് എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, ഇവി വ്യവസായത്തിനായുള്ള പലേഡിയം, രാസവളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ യുഎസ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
റഷ്യയുമായി യൂറോപ്യന്‍ യൂണിയനും യു.എസിനുമുള്ള വ്യാപാരക്കരാറുകള്‍ ഇന്ത്യ അക്കമിട്ട് നിരത്തി. 2024-ല്‍ യൂറോപ്യന്‍ യൂണിയനും റഷ്യയും തമ്മില്‍ 67.5 ബില്യണ്‍ യൂറോയുടെ വ്യാപാരം നടന്നു. 2023-ല്‍ 17.2 ബില്യണ്‍ യൂറോയുടെ സേവന വ്യാപാരവും ഉണ്ടായിരുന്നു. ഇത് ആ വര്‍ഷമോ അതിനു ശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാള്‍ വളരെ കൂടുതലാണ്. യുറോപ്പിലെ എല്‍എന്‍ജി ഇറക്കുമതി 2024-ല്‍ 16.5 ദശലക്ഷം ടണ്ണിലെത്തിയതും ഇന്ത്യ ചൂണ്ടിക്കാട്ടി. യൂറോപ്പ്-റഷ്യ വ്യാപാരത്തില്‍ ഊര്‍ജ്ജം മാത്രമല്ല ഉള്‍പ്പെടുന്നതെന്നും രാസവളങ്ങള്‍, ഖനന ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്നും ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യമിടുന്നത് തികച്ചും അന്യായമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏതൊരു വലിയ സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും തങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.