മോസ്കോ: ഉപരോധം അടക്കമുള്ള അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ആത്മാഭിമാനമുള്ള ഒരു രാജ്യവും സമ്മർദ്ദത്തിന് മുന്നിൽ കീഴടങ്ങില്ല. യു.എസിന്റെ ഉപരോധ തീരുമാനം സൗഹൃദത്തിന് നിരക്കാത്തതും കനത്ത പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്നതുമാണ്. യു.എസ് നൽകുന്ന ദീർഘദൂര മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ റഷ്യയെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകും- പുടിൻ പറഞ്ഞു.
അതേസമയം, തെക്കൻ റഷ്യയിലെ പ്രധാന വാതക സംസ്കരണ പ്ലാന്റിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. ഇതിനെത്തുടർന്ന് കസാഖ്സ്താനിൽനിന്ന് പ്ലാന്ററിലേക്ക് വാതകം എത്തിക്കുന്നത് നിർത്തിവെച്ചു.
റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഗാസ്പ്രോമിന്റെ ഒറെൻബർഗ് പ്ലാന്റിനുനേരെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയത്. ലോകത്തെ ഏറ്റവും വലിയ വാതക ഉൽപാദന, സംസ്കരണ പ്ലാന്റുകളിലൊന്നായ ഇത് കസാഖ് അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഡ്രോൺ ആക്രമണത്തിൽ പ്ലാന്റിൽ തീപിടിത്തമുണ്ടായി. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുക്രെയ്നിന്റെ ചില പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുക്കേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു.