ഖത്തര്‍ വാഗ്ദാനം ചെയ്ത ആഢംബര ജെറ്റ് ഔദ്യോഗികമായി സ്വീകരിച്ച് യുഎസ് . അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എയര്‍ ഫോഴ്‌സ് വണിന് പകരമായി ഈ വിമാനം ഉപയോഗിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ദിവസം ഔദ്യോഗികമായി കൈപ്പറ്റിയ വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക ആവശ്യത്തിനുള്ള എയര്‍ ഫോഴ്‌സ് വണ്‍ ആക്കി ഉപയോഗിക്കുമെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.
പ്രതിരോധ സെക്രട്ടറി ബോയിങ് 747 വിമാനം ഖത്തറില്‍ നിന്ന് എല്ലാ ഫെഡറല്‍ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സ്വീകരിച്ചതായി ചീഫ് പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നല്‍ പറഞ്ഞു. എയര്‍ ഫോഴ്‌സ് വണ്‍ ഫ്‌ലീറ്റിലേക്ക് ഉള്‍പ്പെടുത്താന്‍ വേണ്ട ആവശ്യകതകള്‍ക്ക് അനുസരിച്ച് ബോയിംഗ് 747-8 ജെറ്റില്‍ മാറ്റങ്ങള്‍ വരുത്തും. ഖത്തറിന്റെ ഈ സമ്മാനം നിയമപരമാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാല്‍ ട്രംപിന് ഖത്തര്‍ നല്‍കുന്ന ഈ സമ്മാനത്തിന്റെ വിവരം വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
അവര്‍ നമുക്കൊരു സമ്മാനം നല്‍കുകയാണെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ വിഡ്ഢിത്തം ആകുമെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. പ്രസിഡന്റിന്റെ ഉപയോഗത്തിനായുള്ള 2 എയര്‍ ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ക്ക് 35 കൊല്ലത്തെ പഴക്കമുണ്ട്. അതേസമയം ഖത്തര്‍ സമ്മാനമായി നല്‍കിയ ബോയിങ്ങിന് 13 കൊല്ലത്തെ പഴക്കമേയുള്ളൂ. ഇതിനെ എയര്‍ ഫോഴ്‌സ് വണ്‍ ആയി പുതുക്കിയെടുക്കാന്‍ 100 കോടി ഡോളറെങ്കിലും വേണ്ടിവരും. എന്നാല്‍ പുതിയൊരു ബോയിങ് 747 വിമാനത്തിന് ഏകദേശം 40 കോടി ഡോളറാണ് (3396 കോടി രൂപ) വില. പുതിയ വിമാനം ലഭിക്കാനുള്ള കാലതാമസം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഖത്തറിന്റെ സമ്മാനം സ്വീകരിച്ചത്.
ഖത്തര്‍ രാജകുടുംബം സമ്മാനമായി നല്‍കുന്ന എയര്‍ക്രാഫ്റ്റിന് ഏകദേശം 400 മില്ല്യണ്‍ ഡോളര്‍ (40 കോടി ഡോളര്‍) വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നാണ് വിവരം.