യുഎസ് തീരുവ; കയറ്റുമതി മേഖലയുടെ പ്രശ്നങ്ങൾ പരിഗണിക്കാൻ പി രാജീവുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതി

08:20 PM Aug 14, 2025 | AVANI MV

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവർത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങൾ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ്എൽബിസി) പറഞ്ഞു. സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവുമായി എസ്എൽബിസി പ്രതിനിധികൾ നടത്തിയ ചർച്ചയ്ക് ശേഷമാണ് ഈ ധാരണയായത്.

ഈ മാസം 18 ന് ചേരുന്ന എസ്എൽബിസി യോഗത്തിൽ ഈ വിഷയം പരിഗണിക്കാമെന്ന് പ്രതിനിധികൾ മന്ത്രിക്ക് ഉറപ്പു നൽകി. കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടർന്ന് കയറ്റുമതി മേഖലയിലെ പല ഓർഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഇതു മൂലം പ്രവർത്തന മൂലധനത്തിനായുള്ള കയറ്റുമതി മേഖലയുടെ അപേക്ഷകൾ പല ബാങ്കുകളും വൈകിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ മന്ത്രിയുമായി നടത്തിയ യോഗത്തിൽ കയറ്റുമതി കേന്ദ്രീകൃത മേഖലയിലെ വ്യവസായികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി എസ്എൽബിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.

വാണിജ്യമേഖലയ്ക്കൊപ്പം സർക്കാർ ഉറച്ചു നിൽക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിവേദനം കേന്ദ്രസർക്കാരിന് സമർപ്പിക്കുമ്പോൾ കയറ്റുമതി മേഖലയുടെ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തരവിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോകകേരള സഭയിലെ അംഗങ്ങളുമായി ചേർന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താൻ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.