ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക. യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്ന് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ്. 50 ശതമാനത്തിനും 100 ശതമാനത്തിനുമിടയില്‍ തീരുവ ചുമത്താനാണ് നിര്‍ദ്ദേശമെന്ന് സൂചന. ഇന്ന് നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗം അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യ- അമേരിക്കന്‍ വ്യാപാര കരാര്‍ ഉടന്‍ എന്ന് ഇന്ത്യയിലെ നിയുക്ത അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോര്‍. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് സെര്‍ജിയോ ഗോര്‍ പറഞ്ഞു. ഇന്ത്യന്‍ വാണിജ്യകാര്യമന്ത്രിയെ വ്യാപാരചര്‍ച്ചയ്ക്കായി അടുത്തയാഴ്ച വാഷിങ്ടണ്ണിലേക്ക് ട്രംപ് ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിലുള്ളത് ആഴത്തിലുള്ള ബന്ധമെന്നും ഗോര്‍ പറയുന്നു.