വ്യോമിക സിങ്ങിനെതിരെയായ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് സിപിഐ നേതാവ് ആനി രാജ. ജാതി നോക്കിയുള്ള ഇത്തരം പ്രസ്താവനകള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും ഓപ്പറേഷന് സിന്ദൂര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ആനി രാജ പറഞ്ഞു.
സോഫിയ ഖുറേഷിയെ ബിജെപി വിമര്‍ശിച്ചത് മുസ്ലീമായത് കൊണ്ടാണെന്നും എന്നാല്‍ വ്യോമിക സിങ്ങിനെ വിമര്‍ശിക്കാതിരുന്നത് രജ്പുത് ആണെന്ന് തെറ്റിദ്ധരിച്ചാണെന്നുമാണ് സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞത്. ഈ പ്രസ്താവനയാണ് വിമര്‍ശനത്തിന് കാരണമായത്.
ഇന്ത്യ മുന്നണി നിര്‍ജീവമാണെന്ന പി ചിദംബരത്തിന്റെ പ്രസ്താവനയെയും ആനി രാജ വിമര്‍ശിച്ചു. ചിദംബരത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഇല്ലാത്തത് കൊണ്ട് തോന്നിയതാകും എന്നാണ് ആനി രാജയുടെ പ്രതികരണം. ഇന്ത്യ സഖ്യത്തിന്റെ ഭാവി ആശങ്കയിലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞത്. ബിജെപിയുടേത് ശക്തമായ സംഘടന സംവിധാനമാണെന്നും ചിദംബരം പറഞ്ഞു.