നോയിഡ : പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ ഇന്ത്യയിലെത്തി കാമുകനൊപ്പം ജീവിതം ആരംഭിച്ച പാക്കിസ്ഥാൻ യുവതി സീമ ഹൈദറിന്റെ വീട്ടില്‍ അതിക്രമിച്ചുകടന്നയാള്‍ അറസ്റ്റില്‍. ഗുജറാത്തിലെ സുരേന്ദര്‍ നഗര്‍ സ്വദേശി തേജസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സീമയും കുടുംബവും താമസിക്കുന്ന ഉത്തര്‍പ്രദേശിലെ രബുപുരയിലെ വീട്ടിലേക്കാണ് ഇയാള്‍ അതിക്രമിച്ചുകയറിയത്.
സീമ ഹൈദര്‍ തനിക്കെതിരേ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് പ്രതി ഇവരുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ പെരുമാറ്റം കണ്ടിട്ട് മാനസികപ്രശ്നമുണ്ടെന്നാണ് കരുതുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് തേജസ് സീമ ഹൈദറിന്റെ വീട്ടില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിച്ചത്. ഗുജറാത്തില്‍നിന്ന് തീവണ്ടിമാര്‍ഗം ആദ്യം ഡല്‍ഹിയിലെത്തിയ പ്രതി, അവിടെനിന്ന് ബസിലാണ് ഉത്തര്‍പ്രദേശിലെത്തിയതെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ ഫോണില്‍ സീമ ഹൈദറിന്റെ ചിത്രങ്ങളും ചില സ്ക്രീന്‍ഷോട്ടുകളും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് കാമുകനൊപ്പം താമസമാരംഭിച്ച സീമ ഹൈദര്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു ഇവരുടെ പബ്ജി പ്രണയവും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നാടകീയയാത്രയുമെല്ലാം പുറംലോകമറിഞ്ഞത്.
രണ്ടുവര്‍ഷം മുന്‍പ് ദേശീയമാധ്യമങ്ങളിലടക്കം സീമ ഹൈദര്‍ നിരന്തരം വാര്‍ത്തയാവുകയുംചെയ്തിരുന്നു. നോയിഡ സ്വദേശി സച്ചിന് മീണയ്ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയായ സീമ ഹൈദര്‍ നാലുകുട്ടികളുമായി രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയത്. നേപ്പാള്‍ അതിര്‍ത്തി വഴിയായിരുന്നു യുവതി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചത്.
തുടര്‍ന്ന് സച്ചിനൊപ്പം താമസിച്ചുവരുന്നതിനിടെ നിയമപരമായി കാമുകനെ വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാക് സ്വദേശിയാണെന്നവിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുംചെയ്തു. തുടര്‍ന്ന് സച്ചിനെ വിവാഹം കഴിച്ച് ഒരുമിച്ച് താമസം തുടരുകയായിരുന്നു.