ന്യൂഡൽഹി : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് സുപ്രീംകോടതി. യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിനെതിരെ സുപ്രിംകോടതി രംഗത്തെത്തിയിരിക്കുകയാണ്. 2021ലെ നിയമത്തിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. അവ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ, പ്രത്യേകിച്ച് ആർട്ടിക്കിൾ 25ന്റെ ലംഘനമാണന്ന് കോടതി പറഞ്ഞു.
നിലവിലെ മതത്തിൽ നിന്ന് മറ്റൊരു മതവിശ്വാസം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് മേൽ യുപിയിലെ ഈ നിയമം വളരെ ഭാരിച്ച ബാധ്യതയാണ് ചുമത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ചില ഭാഗങ്ങൾ ഉപദ്രവകരമാണെന്നും സ്വകാര്യതയിലേക്കുൾപ്പെടെ കടന്നുകയറുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നിയമം കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നുണ്ടെന്നും മതംമാറിയ വ്യക്തിയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഉത്തരവിൽ പരിശോധന ആവശ്യമായി വന്നേക്കാമെന്നും കോടതി വ്യക്തമാക്കി.