ഡെറാഡൂൺ : നിർബന്ധിത മതം മാറ്റത്തിനെതിരെ ഉത്തരാഖണ്ഡ് സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമം കൂടുതൽ ഭേദഗതികളോടെ കർശനമാക്കി. 2018 ൽ, ഫ്രീഡം ഓഫ് റിലീജ്യൻ ആക്ട് എന്ന പേരിൽ കൊണ്ടുവന്ന നിയമത്തിൽ കടുത്ത ഭേദഗതികൾ വരുത്താൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുപ്രകാരം, നിർബന്ധിത മതം മാറ്റത്തിന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാക്കി ഉയർത്തി. നിലവിൽ ഇത് 10 വർഷം തടവും 50,000 രൂപ പിഴയുമാണ്. നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ നിയമം പാസാക്കും. നിയമം പ്രാബല്യത്തിൽവന്നശേഷം ഇത് രണ്ടാം തവണയാണ് പുഷ്കർ സിങ് ധാമി സർക്കാർ ഭേദഗതി അവതരിപ്പിക്കുന്നത്.
നിലവിൽതന്നെ, കടുത്ത വകുപ്പുകളടങ്ങിയതാണ് ഉത്തരാഖണ്ഡിലെ മത പരിവർത്തന നിരോധന നിയമം. നിർബന്ധിത മതപരിവർത്തനം ആരുടെ പേരിലും ആരോപിക്കാമെന്ന വിമർശനം നേരത്തെ തന്നെയുണ്ട്. നിയമമനുസരിച്ച്, നിർബന്ധിച്ച് മതം മാറ്റുന്നത് ജാമ്യമില്ലാ കുറ്റവുമാണ്. പൊലീസിന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും സാധിക്കും. വിചാരണകോടതിക്ക് ബോധ്യപ്പെടുന്നതുവരെ ജാമ്യം റദ്ദാക്കാനും നിയമത്തിൽ വകുപ്പുണ്ട്. നിയമം മതപ്രചാരണത്തെയും കുറ്റമായി കണക്കാക്കുന്നുണ്ട്.
വിവാഹം, സൗജന്യ വിദ്യാഭ്യാസം, സമ്മാനം, ജോലി തുടങ്ങിയവ വാഗ്ദാനം ചെയ്താൽ നിർബന്ധിത മതപരിവർത്തനമായി കണക്കാക്കും. ഇതേ ഗണത്തിൽതന്നെ, മത പ്രചാരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. നവസമൂഹ മാധ്യമങ്ങൾ വഴിയുള്ള മതപ്രചാരണവും നിയമ പ്രകാരം കുറ്റകരമാണ്. പുതിയ ഭേദഗതി അനുസരിച്ച്, നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് 10 വർഷം മിനിമം ശിക്ഷ ഉറപ്പാക്കുന്നുണ്ട്. കുട്ടികളെയും സ്ത്രീകളെയും മതം മാറ്റിയാൽ ശിക്ഷ 15 വർഷമാകും.
അതേസമയം, സർക്കാർ തീരുമാനത്തെ സംഘ്പരിവാർ സംഘടനകൾ സ്വാഗതം ചെയ്തു. നേരത്തെ, ‘ലാൻഡ് ജിഹാദ്’ ആരോപണം ഉന്നയിച്ച് രംഗത്തുവന്ന ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി മുൻ ചെയർമാനും ബി.ജെ.പി നേതാവുമായ അജേന്ദ്ര അജയ് സർക്കാർ തീരുമാനത്തെ ‘ദേവഭൂമി’യെ സംരക്ഷിക്കാനുള്ള നടപടിയെന്നാണ് വിശേഷിപ്പിച്ചത്.