തിരുവനന്തപുരം :മധുരയിൽ പാർട്ടികോൺഗ്രസ് വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ കണ്ടില്ലെന്ന് വി.മുരളീധരൻ. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ് സിപിഎം. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം കേരളത്തിലെ ഇൻഡി സഖ്യത്തിൻറെ ജനപ്രതിനിധികളായവരുടെ ആരുടേയും കാതിൽ പതിഞ്ഞില്ല. കെസിബിസിയും സിബിസിഐയും മുന്നോട്ടുവച്ച ആവശ്യങ്ങളോട് എൽഡിഎഫും യുഡിഎഫും മുഖംതിരിച്ചുവെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അധികാര ആർത്തികാരണമുള്ള പ്രീണനരാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും അധികകാലം ഇൻഡിസഖ്യത്തിന് ജനത്തെ പറ്റിക്കാനാകില്ലെന്നും മുൻകേന്ദ്രമന്ത്രി പ്രതികരിച്ചു.
എം.എ.ബേബി പറയുംപോലെ പലസ്തീനോട് നരേന്ദ്രമോദി സർക്കാർ ഒരു അവഗണനയും കാട്ടിയിട്ടില്ല. 2024 സെപ്റ്റംബർ 22-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മുകാർക്ക് അറിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പലസ്തീന് വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലകളിൽ ഇന്ത്യ നൽകുന്ന സഹായം ദേശാഭിമാനിയും കൈരളിയും പ്രക്ഷേപണം ചെയ്യുന്നില്ലെന്ന് കരുതി രാജ്യം സഹായം നൽകില്ലെന്ന് വരുത്തിതീർക്കരുതെന്നും അദ്ദേഹം പറഞ്ഞു.