ഇന്ത്യൻ റെയിൽവേക്ക് കീഴിൽ 3000 ലധികം വരുന്ന ഒഴിവുകളിലേക്ക് നടക്കുന്ന അപ്രന്ററീസ് റിക്രൂട്ട്മെന്റ്റിന് അപേക്ഷിക്കാൻ ഇനി ഒരു ദിവസം കൂടി. ആർആർസി (റെയിൽവേ റിക്രൂട്ട്മെന്റ് സെൽ) നേരിട്ട് നടത്തുന്ന റിക്രൂട്ട്മെൻ്റാണിത്. കേന്ദ്ര സർക്കാർ ജോലി സ്വപ്‌നം കാണുന്നവർക്ക് മികച്ച അവസരമാണിത്.
ഈസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും, വർക്ക്ഷോപ്പുകളിലുമായാണ് നിയമനം ഇപ്പോൾ നടത്തുന്നത്. ആകെ 3115 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, കാർപെന്റർ, ലൈൻമാൻ തുടങ്ങിയ തൊഴിലുകളിലാണ് ഒഴിവുള്ളത്. 15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി 5 വർഷവും, ഒബിസി 3 വർഷവും, പിഡബ്ല്യൂബിഡി 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.
ഉദ്യോഗാർത്ഥികൾ 10-ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVTൽ നിന്നുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ റെയിൽവേ റിക്രൂട്ട്‌മെന്റ്റ് സെല്ലിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല. വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്.