വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടീമിലേക്ക്, ഏഷ്യാകപ്പ് ക്രിക്കറ്റ് ടീമില്‍ സജീവ പരിഗണനയില്‍, സഞ്ജുവിന്റെ സ്ഥാനം തെറിച്ചേക്കും

06:35 PM Aug 11, 2025 | Raj C

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന യുവ പ്രതിഭ വൈഭവ് സൂര്യവംശി, അടുത്ത ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള സാധ്യതാ സ്‌ക്വാഡില്‍ സജീവ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 14 വയസ്സ് മാത്രമുള്ള ഈ ഇടംകൈയന്‍ ബാറ്റര്‍, തന്റെ അസാധാരണ പ്രകടനങ്ങളിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

രഞ്ജി ട്രോഫിയില്‍ ബിഹാറിനായി 12 വയസും 284 ദിവസവും പ്രായത്തില്‍ അരങ്ങേറ്റം കുറിച്ച വൈഭവ്, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. അണ്ടര്‍-19 ടെസ്റ്റ് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 58 പന്തുകളില്‍ സെഞ്ചുറി നേടി റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ പ്രകടനങ്ങള്‍ ഐപിഎല്‍ 2025ലേക്കുള്ള വാതില്‍ തുറന്നതാണ് ദേശീയ ടീമിലേക്കുള്ള വരവ് വേഗത്തിലാക്കിയത്.

ഐപിഎല്‍ 2025 സീസണില്‍ വൈഭവ് മിന്നുന്ന പ്രകടമാണ് കാഴ്ചവെച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അരങ്ങേറ്റം കുറിച്ച കൗമാരതാരം, ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി. സഞ്ജു സാംസണ്‍ പരിക്ക് കാരണം പുറത്തിരുന്ന മത്സരത്തില്‍ ടീമിലെത്തിയ വൈഭവ്, ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 252 റണ്ണുകള്‍ നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നു . 35 പന്തുകളില്‍ നേടിയ സെഞ്ചുറി ഐപിഎല്ലിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. 7 ഫോറുകളും 11 സിക്‌സറുകളും അടങ്ങിയ ഈ ഇന്നിങ്‌സ് അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റി. ഐപിഎല്ലിന് പുറമെ, അണ്ടര്‍-19 മത്സരത്തില്‍ 90 പന്തുകളില്‍ 190 റണ്ണുകള്‍ നേടി വൈഭവ് തന്റെ ഫോം തുടര്‍ന്നു. 

Trending :

ഏഷ്യാകപ്പ് 2025-നുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ വൈഭവിന്റെ പേര് ഉയര്‍ന്നുവരുന്നത് സഞ്ജു സാംസണിന് ആകും വെല്ലുവിളിയാവുക. സഞ്ജുവിന് ഐപിഎല്‍ 2025-ല്‍ പരിക്ക് കാരണം ചില മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സെലക്ടര്‍മാര്‍ സഞ്ജുവിന്റെ സ്ഥിരതയും പരിക്കും പരിഗണിച്ചേക്കും. വൈഭവിനെപ്പോലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ബിസിസിഐയുടെ നയം കണക്കിലെടുക്കുമ്പോള്‍, സഞ്ജുവിന് സ്ഥാനം ലഭിക്കുമോയെന്ന് സംശയമാണ്.
 
ഏഷ്യാകപ്പ് 2025 അടുത്തിരിക്കെ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. വൈഭവിന്റെ ഉള്‍പ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് പുതിയ ചരിത്രം രചിക്കുമോ എന്ന് കാത്തിരുന്ന് കാണാം.