കോഴിക്കോട്: മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാൻ വാവ സുരേഷിനെ വിളിക്കണമെന്നും വെള്ളാപ്പള്ളിയുടെ വിഷമേറ്റവർക്ക് ആന്റി വെനം കുത്തിവെപ്പ് നൽകണമെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.
ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളിൽ നിന്നും രക്ഷപ്പെടാൻ വർഗീയത പറയുന്ന വെള്ളാപ്പള്ളിക്കെതിരെ സാംസ്കാരിക കേരളം ശബ്ദമുയർത്തണമെന്നും ഫാത്തിമ തഹ്ലിയ ആവശ്യപ്പെട്ടു.
ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാൻ വാവ സുരേഷിനെ വിളിക്കണം.
അയാളുടെ വീടിന് മുമ്പിൽ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോർഡെഴുതി വെക്കണം.
വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവർക്ക് ആന്റി വെനം ഇൻജെക്ഷൻ നൽകണം.
ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളിൽ നിന്നും രക്ഷപ്പെടാൻ വർഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്കാരിക കേരളം ഒന്നടങ്കം ശബ്ദമുയർത്തണം.
നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിൽ വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
'നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം.
സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആർ. ഭാസ്കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു' -വെള്ളാപ്പള്ളി പറഞ്ഞു.
വെറും വോട്ടുകുത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്.
സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.