വേണ്ട ചേരുവകൾ
· ചെമ്മീൻ 1 കിലോ
· സവാള 2 എണ്ണം (വലുത് )
· ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂൺ
· പച്ചമുളക് 4 എണ്ണം
· തക്കാളി 2 എണ്ണം (മീഡിയം സൈസ് )
· നാരങ്ങാ നീര് 1 ടീസ്പൂൺ
· മഞ്ഞൾ പൊടി 2 ടീസ്പൂൺ
· മല്ലിപൊടി ഒന്നര ടേബിൾ സ്പൂൺ
· കാശ്മീരി മുളകുപൊടി 2 ടീ സ്പൂൺ
· മുളകുപൊടി 2 ടേബിൾ സ്പൂൺ
· ഗരം മസാല 1 ടീസ്പൂൺ
· കറിവേപ്പില ആവശ്യത്തിന്
· ഉപ്പ് ആവശ്യത്തിന്
· വെളിച്ചെണ്ണ ആവശ്യത്തിന്
· ചൂട് വെള്ളം അര കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഒരു ടീ സ്പൂൺ നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റിവയ്ക്കുക. അര മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റൗവിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ചേർത്ത് വറുത്തെടുക്കുക .
ഇനി ഒരു പാൻ വെച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും സവാളയിൽ ചേർത്ത് കൊടുത്താൽ വേഗം വഴന്നു കിട്ടും. സവാളയിലേക്കു പച്ചമുളകും കറിവേപ്പിലയും കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക . നന്നായി വഴന്നു വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക.
ഈ മിക്സിലേക്കു കാശ്മീരി മുളക് പൊടി രണ്ടു ടീസ്പൂൺ,ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക .പൊടികളുടെ പച്ച മണം മാറിയാൽ തക്കാളി കൂടി ചേർത്ത് ഒന്ന് മൂടി വെച്ച് വഴറ്റുക .(ആവശ്യത്തിന് ഉപ്പും ചേർക്കാം )തക്കാളി നന്നായി വഴന്നു വന്നാൽ നേരത്തെ വറുത്തു വച്ച ചെമ്മീൻ ചേർത്ത് മിക്സ് ചെയ്തു അര കപ്പ് ചൂട് വെള്ളവും ചേർത്ത് ഒന്ന് കൂടി മൂടി വെക്കുക.( മീഡിയം ഫ്‌ളൈയിം ആക്കാൻ മറക്കരുത് )ഇനി മൂടി തുറന്നു ഗരം മസാല കൂടി ചേർത്ത് ഒന്ന് ഡ്രൈ ആക്കി എടുക്കണം കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കാം .നന്നായി ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം