വിക്രം നായകനായി എത്തിയ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ വീര ധീര സൂരൻ: പാര്‍ട്ട്- 2. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോള്‍ റിലീസ് ദിവസം ചിത്രം നേരിട്ട പ്രതിസന്ധി സംബന്ധിച്ച് സംസാരിക്കുകയാണ് വിക്രം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിക്രം അന്നത്തെ പ്രതിസന്ധി വിവരിക്കുന്നത്.
"ജീവിതം, ഒന്നെയുള്ളൂ അത് ഇതിഹാസം പോലെ ജീവിക്കണം എന്നൊക്കെ പറഞ്ഞ് ഒരാള്‍ പോയേക്കാം. എന്നാല്‍ ഈ ജീവിതത്തില്‍ ഏതെങ്കിലും പ്രശ്നം എപ്പോഴെങ്കിലും ചുറ്റിത്തിരിഞ്ഞ് നമ്മുടെ മുന്നില്‍ വരും. അതിന് ഒരു ഉദാഹരണമാണ് വീര ധീര സൂരൻ" വിക്രം ആമുഖമായി പറഞ്ഞു.
"റിലീസിന് മുന്‍പ് ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇത് ബ്ലോക് ബസ്റ്ററാകും, ഇത് പുതിയ രീതിയാണ്, ഇത് മാസായിരിക്കും, ഈ വര്‍ഷത്തെ മികച്ച പടമായിരിക്കും എന്നൊക്കെ പറഞ്ഞ് ഞങ്ങളെ എല്ലാവരെയും വളരെ ആവേശത്തിലായിരുന്നു, എന്നാല്‍ എല്ലാവര്‍ക്കും അറിയും പോലെ ഒരു നിയമപ്രശ്നം വന്നു. ഹൈക്കോടതി ഒരാഴ്ച റിലീസ് വിലക്കി" വിക്രം പറയുന്നു.
"ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ, എന്നാല്‍ ഈ ചിത്രം എങ്ങനെയും ഫാന്‍സിന് എത്തിക്കണം എന്നാണ് ഞാനും സംവിധായകന്‍ അരുണും നിര്‍മ്മാതാവും അഭിനയിച്ചവരും എല്ലാവരും ആഗ്രഹിച്ചത്. ഫാന്‍സിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ കുറേനാളായി ആഗ്രഹിക്കുന്നു. അതെല്ലാം മനസില്‍ വച്ചാണ് കഷ്ടപ്പെട്ട് ഈ പടം ചെയ്തത്. എന്നാല്‍ അത് വരില്ല എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും വിഷമിച്ചു"
"എന്നാല്‍ എന്തെങ്കിലും സിനിമയ്ക്കായി ചെയ്യണം എന്ന തീരുമാനത്തിലായിരുന്നു ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്ത് ഒടുവില്‍ പടം റിലീസായി. എന്നാല്‍ ആദ്യ രണ്ട് ഷോ ക്യാന്‍സിലായ പടം പിന്നീട് വിജയിക്കില്ല എന്നാണ് കരുതിയത്. ഒപ്പം ആദ്യത്തെ ദിവസത്തെ കളക്ഷന്‍ നഷ്ടം വലുതാണ്. പക്ഷെ തീയറ്ററില്‍ എത്തിയവര്‍ ചിത്രത്തെ ഏറ്റെടുത്തു. പ്രത്യേകിച്ച് കുടുംബങ്ങള്‍. അവരുടെയും മറ്റും വീഡിയോ ഞാന്‍ കണ്ടിരുന്നു അതെല്ലാം മനോഹരമാണ്"
ഈ ചിത്രം വിജയിച്ചവര്‍ക്കെല്ലാം നന്ദിയെന്ന് പറഞ്ഞാണ് വിക്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലെ വീഡിയോ അവസാനിപ്പിക്കുന്നത്. എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എസ്ജെ സൂര്യ, സുരാജ് വെഞ്ഞാറന്മൂട് തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.