കോഴിക്കോട്: എമ്പുരാന്‍ വേട്ടയുടെ പശ്ചാത്തലത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുള്ള പ്രതിഷേധവുമായി കോഴിക്കോട് സാംസ്‌കാരിക വേദി. സിനിമയ്ക്ക് നേരെയുണ്ടായ സംഘപരിവാർ ആക്രമണങ്ങളുടെയും അണിയറ പ്രവർത്തകർക്ക് നേരെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രതിഷേധ സംഗമം നടക്കുന്നത്.
ഏപ്രിൽ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് നാല് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ സാഹിത്യകാരന്മാരും സിനിമ പ്രവർത്തകരും പങ്കെടുക്കും. ആവിഷ്‌കാര സ്വാതന്ത്യത്തിനുമേൽ ഫാസിസം പിടിമുറുക്കിയിരിക്കുന്നു എന്ന തിരിച്ചറിവിലേക്കാണ് എമ്പുരാൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്ത്യയിലുയർന്ന കോലാഹലങ്ങൾ വിരൽചൂണ്ടുന്നത്.
ഇന്ത്യയിലെ തീവ്ര ഫാസിസ്റ്റ് ഗ്രൂപ്പുകളുടെ എതിർപ്പുകളെ തുടർന്ന് സിനിമയുടെ സുപ്രധാന ഭാഗങ്ങൾ സെൻസർ കട്ട് ചെയ്ത് മാറ്റേണ്ടിവന്നിരിക്കുന്നു. വിമർശിക്കുന്നവർ അന്വേഷണ ഏജൻസികളാൽ പൂട്ടിക്കെട്ടപ്പെടും എന്ന സന്ദേശം വ്യക്തമായി തന്നെ ഭരണകൂടം തന്നു തുടങ്ങിയിരിക്കുന്നു. ഇതിനോടെല്ലാമുള്ള ശക്തമായ വിയോജിപ്പും, വേട്ടയാടപ്പെടുന്നവരോടുള്ള ഐക്യപ്പെടലും രാജ്യത്തങ്ങോളമിങ്ങോളം ഉയരേണ്ടതുണ്ട് എന്ന ആഗ്രഹത്തിലാണ് 'വംശഹത്യാചരിത്രം മുറിച്ചുമാറ്റുമ്പോൾ' എന്ന പേരിൽ ഇത്തരമൊരു പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോഴിക്കോട് സാംസ്‌കാരിക വേദി അറിയിച്ചു.