ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി. ലാമ സ്കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ അടങ്ങിയതാണ് ലാമ 4 സീരീസ്.
ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ എഐ മോഡലുകളെ നേരിടാന്‍ വേണ്ടിയാണ് മെറ്റ ഈ പുതിയ എഐ സീരീസ് അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. ആര്1, വി3 എന്നിങ്ങനെ വളരെ കുറഞ്ഞ മുതല്‍മുടക്കിലുള്ള എഐ മോഡലുകള്‍ ഡീപ്സീക്ക് അവതരിപ്പിച്ചിരുന്നു. എഐ മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ വന്‍ നിക്ഷേപം നടത്തിയ ഓപ്പണ്‍ എഐ, മെറ്റ, ഗൂഗിള്‍ എന്നിവര്‍ക്കെല്ലാം വൻ തിരിച്ചടിയായിരുന്നു ഡീപ് സീക്കിന്റെ വരവ്.
മെറ്റയുടെ നിലവിലുണ്ടായിരുന്ന എഐ മോഡലുകളെ അപേക്ഷിച്ച് വലിയ മുന്നേറ്റം നടത്താൻ ഡീപ്സീക്കിന്റെ മോഡലുകള്‍ക്ക് കഴിഞ്ഞിരുന്നു. ഇതോടെ കൂടുതല്‍ ശക്തമായ എഐ മോഡലുകള്‍ അവതരിപ്പിക്കാന്‍ മെറ്റ വലിയ പ്രാധാന്യത്തോടെ പ്രവര്‍ത്തിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ലാമ 4 സീരീസില്‍ സ്കൗട്ടും മാവെറിക്കും മാത്രമാണ് മെറ്റ ഇതുവരെ പുറത്തിറക്കിയത്.