കൊച്ചി: ബ്രെയിൻ ഡ്രെയിൻ നേരിടുന്ന കാലത്ത് സർവകലാശാലകളിലെ സംഘർഷം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും സംഘർഷങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരകളാക്കപ്പെടുന്നത് വിദ്യാർത്ഥികളാണെന്നത് മറക്കരുത്. നിസാരമായ കാര്യങ്ങളുടെ പേരിൽ എല്ലാ സർവകലാശാലകളിലും സംഘർഷമാണ്. 13 സർവകലാശാലകളിൽ പന്ത്രണ്ടിലും വി.സിമാരില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തെ കുളമാക്കി. ഗവർണർക്കെതിരെ സമരം ചെയ്ത എസ്.എഫ്.ഐക്കാർ ജീവനക്കാരെയും വിദ്യാർഥികളെയുമാണ് മർദിച്ചത് -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അവസാന നിമിഷം പ്രോസ്‌പെക്ടസ് തിരുത്തുമോ? എൻട്രൻസ് കമ്മീഷണറേറ്റിലും ഉന്നതവിദ്യാഭ്യാസ വകുപ്പിലും ഒരു ചിന്തയും ഇല്ലാതെ കാര്യങ്ങൾ ചെയ്ത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ്. സെനറ്റ് ഹാളിൽ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട നിസാര പ്രശ്‌നം തീർക്കാൻ ആരും മുൻകൈ എടുക്കുന്നില്ല.
മുഖ്യമന്ത്രി ചാൻസലറായ ഡിജിറ്റൽ സർവകലാശാലയിൽ കോടികളുടെ അഴിമതി നടന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായ ഗ്രഫീൻ അറോറ പദ്ധതിയുടെ ഉത്തരവ് ഇറങ്ങിയ ശേഷം രൂപീകരിച്ച കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് പണം നൽകുകയും ചെയ്‌തെന്നാണ് വി.സി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കോടികളുടെ അഴിമതിയാണ് നടന്നത്. സ്ഥലം ഉൾപ്പെടെ ദുരുപയോഗം ചെയ്തു കൊണ്ട് പലരും പണമുണ്ടാക്കുകയാണ്. ഗ്രഫീൻ എൻജിനീയറിങ് ആൻഡ് ഇന്നവേഷൻ എന്ന കമ്പനിക്കാണ് കരാർ. അതിന് പിന്നിൽ വേണ്ടപ്പെട്ടവർ എല്ലാമുണ്ട്. ഇതാണ് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ സ്ഥിതി.
ശശി തരൂർ വർക്കിങ് കമ്മിറ്റി അംഗമാണ്. അദ്ദേഹം എഴുതിയ ലേഖനത്തെ കുറിച്ച് ദേശീയ നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്. ലേഖനത്തെ കുറിച്ച് അഭിപ്രായമുണ്ട്. പക്ഷെ അത് പറയില്ല. നിരവധി സർവെകൾ നടക്കുന്നുണ്ട്. അതേക്കുറിച്ചൊന്നും അഭിപ്രായം പറയേണ്ടതില്ല.
സംഘടനാപരമായി യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് ദീർഘകാല അജണ്ടയിലുണ്ട്. എന്നാൽ ഇന്നത്തെ യു.ഡി.എഫ് യോഗത്തിന്റെ അജണ്ടയിൽ ഇല്ല. ഞങ്ങൾ തീരുമാനിക്കാത്ത അജണ്ട മാധ്യമങ്ങൾ കൊടുക്കരുത് -സതീശൻ പറഞ്ഞു.