+

കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിൽ സമഗ്രാന്വേഷണം വേണം : വി.ഡി. സതീശൻ

കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിൽ സമഗ്രാന്വേഷണം വേണം : വി.ഡി. സതീശൻ

തിരുവനന്തപുരം: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേർ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണ്. സംഭവത്തിൽ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം.

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേർ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. ഇതിൽ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം.

നിലവിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്ന രോഗികളെല്ലാം ഒരു നിവൃത്തിയും ഇല്ലാത്ത സാധാരണക്കാരാണ്. അവരുടെ ചികിത്സാ ചെലവ് പൂർണമായും ഏറ്റെടുക്കാൻ സർക്കാർ തയാറാകണം. അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും അതിനു വേണ്ടിയുള്ള ഒരു നിർദ്ദേശവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇത് ആരോഗ്യ വകുപ്പിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പരാജയമാണ്.

ദിവസേന പതിനായിരക്കണക്കിന് രോഗികൾ എത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫയർ ആൻഡ് സേഫ്ടി വിഭാഗം ഇല്ലാത്തതും അത്ഭുതകരമാണ്. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
 

facebook twitter